ഏഷ്യാനെറ്റ് ഓഫീസിലെ എസ് എഫ് ഐ അതിക്രമം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല

ഏഷ്യാനെറ്റ് ന്യൂസിൻ്റെ കൊച്ചി ഓഫീസിൽ എസ് എഫ് ഐ നടത്തിയ അതിക്രമം സഭ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ എ എൻ ഷംസീര്‍ തള്ളി. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നിവ ഉന്നയിച്ചാണ് പ്രതിപക്ഷ നിരയിലെ പി സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം അടിയന്തര പ്രധാന്യമുള്ള വിഷയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസില്‍ 2022 നവംബറില്‍ പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ സ്‌കൂള്‍ യൂനിഫോമില്‍ അവതരിപ്പിച്ചുകൊണ്ട് വീഡിയോ സംപ്രേഷണം ചെയ്യുകയുണ്ടായി. 2022 ആഗസ്റ്റ് മാസം പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ സത്യവിരുദ്ധമെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രസ്തുത കേസിന് ആസ്പദമായ വീഡിയോയിലെ ഓഡിയോ സംഭാഷണം മറ്റൊരു കുട്ടിയെ ഉപയോഗിച്ച് പുനര്‍സൃഷ്ടിച്ച് സംപ്രേഷണം ചെയ്തുവെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. പി വി അന്‍വർ എം എല്‍ എയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വീഡിയോ നിര്‍മാണത്തേയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ദുരുപയോഗിച്ചും മറ്റുമെന്നുമൂള്ള സംഭവത്തിനെതിരായി സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രതിഷേധം ഉയര്‍ന്നുവരികയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് അതിക്രമിച്ചു കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട അടിയന്തിര പ്രാധാന്യമുള്ള വിഷയമല്ലിത്.’ മുഖ്യമന്ത്രി സഭയെ അറിയിച്ചു.