തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ലോകപാര്‍ലമെന്ററി ചരിത്രത്തിലെ അപൂര്‍വതയാണെന്നും കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് അവസാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു.രാഷ്ട്രീയമായ ഇരു ചേരികളില്‍ നില്‍ക്കുമ്പോഴും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ല. 2016 ല്‍ മുഖ്യമന്ത്രിയാകണമെന്ന് എല്‍ ഡി എഫ് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന്, ഞാന്‍ ആദ്യം പോയി സന്ദര്‍ശിച്ചത് അതിന് മുമ്പ് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെയായിരുന്നു. അദ്ദേഹത്തില്‍ നിന്ന് സഭയുടെ നടത്തിപ്പിന് ഉള്‍പ്പടെ മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളത്. കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവുമാണ് എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചത്.
ഊണിനും ഉറക്കത്തിനും പ്രാധാന്യം കല്പിക്കാതെ, ആരോഗ്യം പോലും നോക്കാതെ, പൊതുമണ്ഡലത്തില്‍ വ്യാപരിക്കുന്നയാളായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടത്തെ ഊര്‍ജിതമാക്കിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എന്നും ഒരു പാഠപുസ്തകമായിരുന്നു ഉമ്മന്‍ചാണ്ടി. 53 വര്‍ഷക്കാലം ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജയിക്കാന്‍ സാധിച്ചെന്നുള്ളത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.
പുതുപ്പള്ളി മണ്ഡലം മറിച്ചുചിന്തിക്കാത്തത്രയും അവിടത്തെ ജനങ്ങളോട് അദ്ദേഹം ചേര്‍ന്നുനിന്നിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറായ ജനകീയനായ നേതാവായിരുന്നു അദ്ദേഹം.സ്പീക്കര്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ ഗവര്‍ണറും, ദീര്‍ഘകാലം മന്ത്രിയും, സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമനെയും സഭ അനുസ്മരിച്ചു. കഴിഞ്ഞ ജൂലായ് 31 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.