നിയമസഭയില്‍ ഇന്ന് . വി.എന്‍.വാസവന്‍, വി.അബ്ദുരഹ്‌മാന്‍, മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍, കെ.രാധാകൃഷ്ണന്‍

ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ പ്രമുഖര്‍ വരുന്നതിനെ നിയമപരമായി തടയാനാകില്ല : മന്ത്രി വി.എന്‍.വാസവന്‍

തിരുവനന്തപുരം : ഓണ്‍ലൈന്‍ റമ്മി പോലുള്ള ആപ്ലിക്കേഷനുകളുടെ പരസ്യങ്ങളില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളും ഗായകരുമൊക്കെ വരുന്നതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാകില്ലെന്നു മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ പറഞ്ഞു. ഇത്തരം പരസ്യങ്ങള്‍ വരുന്നവരുടെ മനസിലാണു സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടത്. അവരോട് ഇത്തരം പരസ്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. കെ.ബി. ഗണേഷ് കുമാറിന്റെ ചോദ്യത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഭിന്നശേഷിക്കാരുടെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു ബജറ്റില്‍ തന്നെ തുക വകയിരുത്തിയിട്ടുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

കലാകാരന്മാര്‍ക്കു അടിയന്തിര സഹായം അനുവദിച്ചു : മന്ത്രി വാസവന്‍

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിക്കാലത്ത് ഉപജീവനം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ 32,000 കലാകാരന്മാര്‍ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും അടിയന്തിര സഹായമെന്ന നിലയില്‍ ആയിരം രൂപ വീതം രണ്ടു മാസത്തേയ്ക്ക് അനുവദിച്ചുവെന്നു മന്ത്രി വി.എന്‍.വാസവന്‍. സാംസ്‌കാരിക വകുപ്പും അക്കാദമികളും വഴി സഹായം ലഭ്യമല്ലാത്ത 30000 കലാകാരന്മാര്‍ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആയിരം രൂപ വീതവും നല്‍കിയിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 4289 അംഗങ്ങള്‍ക്ക് 1.30 കോടി രൂപ സഹായധനമായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബിന്റെ ചോദ്യത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

18 വയസിനും 60 വയസിനും ഇടയിലുള്ള കലാ-സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വത്തിനു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒമ്പത് ജില്ലകളില്‍ 45 തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നു : മന്ത്രി വി.അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതു ജില്ലകളിലായി 45 തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു മന്ത്രി വി.അബ്ദുറഹ്‌മാന്‍. 230 മത്സ്യത്തൊഴിലാളി വനിതകള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ചുപേരടങ്ങുന്ന ഒരു സീഫുഡ് റസ്റ്റോറന്റിന് അഞ്ച് ലക്ഷം രൂപ ഗ്രാന്റ് വീതം 250 ലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാ മണ്ഡലങ്ങളിലും മത്സ്യഫെഡിന്റെ ഫിഷ്ബൂത്ത് ആരംഭിക്കുക. ഇപ്പോള്‍ 52 നിയോജക മണ്ഡലങ്ങളില്‍ പദ്ധതി നടപ്പിലാക്കി. പിടിക്കുന്ന മത്സ്യം കേടുവരാതെ കരയ്ക്ക് എത്തിക്കുന്നതിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷം 483 ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സന്നദ്ധ സേവന സേനയില്‍ 1,15,000 പേര്‍ രജിസ്റ്റര്‍ ചെയ്തു : മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രളയത്തില്‍ കൈത്താങ്ങായി മാറിയ യുവാക്കളെ ഉള്‍പ്പെടുത്തി സ്വന്തമായൊരു സന്നദ്ധ സേവന സേന എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ 1,15,000 യുവാക്കള്‍ രജിസ്റ്റര്‍ ചെയ്‌തെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതില്‍ നിന്നും സന്നദ്ധരായവരെ തെരഞ്ഞെടുത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഫയര്‍ ആന്റ് സേഫ്ടി, ഫസ്റ്റ് എയിഡ്, കായിക പരിശീലനം, കൗണ്‍സിലിംഗ് തുടങ്ങിയ മേഖലകളില്‍ വിദഗ്ദ്ധ പരിശീലനം നല്‍കി. 300 പേരടങ്ങുന്ന വനിതാ ടീമും രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബഫര്‍സോണ്‍ :
മന്ത്രിസഭായോഗതീരുമാനം റദാക്കുന്നത് പരിശോധിക്കും : മന്ത്രി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: ബഫര്‍സോണ്‍ സംബന്ധിച്ച് 2019-ല്‍ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം റദാക്കുന്നത് ഗൗരവവമായി പരിശോധിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. എന്തെല്ലാം മാറ്റങ്ങള്‍ വേണമെന്നുള്ള കാര്യത്തില്‍ ചര്‍ച്ചയാകാം. കര്‍ഷകരുടെ ആശങ്കകള്‍ എങ്ങനെ പരിഹരിച്ചു വിശദമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്ന കാര്യം പരിഗണിക്കും. ജനവാസ മേഖലകളെ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കുക എന്ന ചട്ടക്കൂടിലേക്ക് വന്നാല്‍ പ്രശ്‌നം പരിഹരിക്കാനാകും. ഹരിത എംഎല്‍എമാരുടെ സമിതി ഒരുതവണ പോലും ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രതിപക്ഷം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോകുന്ന ഗോത്ര വിഭാഗം വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കും : മന്ത്രി കെ.രാധാകൃഷ്ണന്‍

തിരുവനന്തപുരം: സ്‌കൂളില്‍ നിന്നു കൊഴിഞ്ഞു പോകുന്ന ഗോത്ര വിഭാഗം വിദ്യാര്‍ഥികളെ തിരികെ സ്‌കൂളിലെത്തിക്കുന്നതിനു വേണ്ടിയുള്ള എല്ലാ നടപടികളും പട്ടികവര്‍ഗ വികസന വകുപ്പ് സ്വീകരിക്കുന്നുണ്ടെന്നു മന്ത്രി കെ.രാധാകൃഷ്ണന്‍. എസ്ടി പ്രമോട്ടര്‍മാര്‍,അധ്യാപകര്‍,പിടിഎ എന്നിവരെല്ലാം നല്ല ഇടപെടല്‍ നടത്തുന്നുണ്ട്. എഞ്ചിനീയറിംഗ് പാസാകാത്ത എസ്‌സി വിഭാഗത്തിലെ കുട്ടികള്‍ക്കായി പ്രത്യേക പരിശീലന പരിപാടിയായ റെമഡിയല്‍ കോഴ്‌സ് നടത്തിയിരുന്നു. എന്നാലിതു ഫലപ്രദമല്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിജയിച്ചില്ലെങ്കില്‍ ഇത്തരമൊരു പദ്ധതയിലൂടെ ഭാവിയില്‍ ബിരുദം നേടാമെന്ന ധാരണയുള്ളതിനാല്‍ കുട്ടികള്‍ റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാല്‍ കുട്ടികളുടെ പഠന സമയത്തു തന്നെ കൃത്യമായ പരിശീലനം നല്‍കി ഇവരെ വിജയിപ്പിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *