അസോ. പ്രൊഫസര്‍ നിയമനം: പ്രിയ വര്‍ഗ്ഗീസ് ഹൈക്കോടതി ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്കി

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് വേണ്ടത്ര അദ്ധ്യാപന യോഗ്യതയില്ലെന്ന സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരെ പ്രിയ വര്‍ഗ്ഗീസ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ മലയാളം വിഭാഗത്തിലെ അസോ. പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു. ഇതിനെതിരെ ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരന് ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് പ്രിയക്ക് മതിയായ അദ്ധ്യാപന പരിചയ യോഗ്യതയില്ലെന്ന് വ്യക്തമാക്കി സിംഗിള്‍ ബെഞ്ച് നവംബര്‍ 17 നു വിധി പറഞ്ഞത്. യു.ജി.സിയുടെ ഫാക്കല്‍റ്റി ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയിലെ സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ കാലയളവും അദ്ധ്യാപന പരിചയ യോഗ്യതയായി കണക്കാക്കാന്‍ കഴിയില്ലെന്നും ആ നിലയ്ക്ക് പ്രിയ വര്‍ഗ്ഗീസിന് മതിയായ യോഗ്യതയില്ലെന്നുമായിരുന്നു സിംഗിള്‍ബെഞ്ചിന്റെ കണ്ടെത്തല്‍. ഇതിനെതിരെയാണ് പ്രിയാവര്‍ഗ്ഗീസ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.