ആക്രമണകഥ കെട്ടിച്ചമച്ചതെന്ന് വി.ഡി. സതീശന്‍; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം

കേരളത്തില്‍ നുണപ്രചാരണം നടത്തി വ്യാപക അക്രമം നടത്തുന്നത് സിപിഐഎം ആണെന്നും അതിന് തക്ക മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണകഥയെന്നും അത് പൊളിഞ്ഞുപോയിട്ടും അതിന്റെ പേരില്‍ അക്രമം തുടരാന്‍ സിപിഐഎം നേതാക്കള്‍ അണികളെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമ കേസ് പിന്‍വലിക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് നിയമപരമായി നേരിടും. ആയുധം താഴെവെച്ച് അക്രമം അവസാനിപ്പിക്കണം എന്നും സതീശന്‍ ആവശ്യപ്പെട്ടു. കെഎസ്യു നേതാവിന്റെ വീടിനുനേരെ ബോംബാക്രമണം നടന്നതായും സംസ്ഥാനമൊട്ടാകെ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിയെ ആക്രമിച്ചുവെന്ന ആരോപണം പച്ചക്കള്ളമാണെന്നും റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആക്രമണം നടന്നിട്ടില്ലെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കിയതായും സതീശന്‍ പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്യുടെ പ്രതികരണം അഭിനയം മാത്രമാണെന്നും മന്ത്രി പരിഹാസപാത്രമായെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിയുടെ പേര് കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിക്കുന്നു. ഇത് പത്തനംതിട്ട ജില്ലയ്ക്കും അപമാനമാണ് എന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.