ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു :മുഖ്യമന്ത്രി

കണ്ണൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. അത്തരം ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് ഇടയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മെഡിക്കല്‍ കോളേജുകളില്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത ഉപകരണങ്ങള്‍ വളരെ വേഗം വാങ്ങി നല്‍കാറുണ്ട്. കേരളത്തെ താറടിച്ചു കാണിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധം അതൃപ്തി പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗുരുതരമായ പ്രതിസന്ധി ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മെഡിക്കല്‍ കോജേളിലെ യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കല്‍ രംഗത്തെത്തിയത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവുമില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു യൂറോളജി മേധാവി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംഭവം ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെ ഡോ. ഹാരിസ് ചിറയ്ക്കല്‍ പോസ്റ്റ് പിന്‍വലിച്ചു. ഇതിന് പിന്നാലെ യൂറോളജി മേധാവിയുടെ ആരോപണങ്ങള്‍ തള്ളി ഡിഎംഇ രംഗത്തെത്തി.