ആറ്റുകാൽ പൊങ്കാല; കർശന നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും പൂർണ്ണമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും കർശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി. ഭക്ഷ്യസുരക്ഷ സംബന്ധിച്ച എല്ലാ നിർദ്ദേശങ്ങളും കൃത്യമായി നടപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ പകർപ്പ് വ്യക്തമായി പ്രദർശിപ്പിക്കണം. സ്ഥാപനത്തിലെ ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്. വെള്ളം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പിക്കുന്ന സർട്ടിഫിക്കറ്റും പരിശോധനയ്ക്ക് നൽകണം.
പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസംരംഭകരും പാചകത്തൊഴിലാളികളും പങ്കെടുക്കുന്ന ബോധവത്കരണ ക്ലാസ് ഫെബ്രുവരി 19ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിക്കും. ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസംരംഭകർക്ക് ഈ ക്ലാസിൽ പങ്കെടുക്കുന്നത് നിർബന്ധമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ എന്നിവ നൽകി മുൻകൂറായി രജിസ്റ്റർ ചെയ്യണം.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയങ്ങൾ, ദാഹജലം എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ ഭക്ഷ്യസുരക്ഷാ വകുപ്പിൽ മുൻകൂർ രജിസ്‌ട്രേഷൻ നേടണം. അക്ഷയ കേന്ദ്രങ്ങളിൽ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാണ്. ഓൺലൈൻ അപേക്ഷയിൽ ബിസിനസ് രീതിയായി ‘ഫുഡ് വെൻഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ്’ തിരഞ്ഞെടുക്കുകയും അപേക്ഷയിൽ ‘ആറ്റുകാൽ പൊങ്കാല’ എന്ന് രേഖപ്പെടുത്തുകയും വേണം. അന്നദാനം നടത്തുന്നയാളുടെ അല്ലെങ്കിൽ ഉത്തരവാദിത്വമുള്ള വ്യക്തിയുടെ അഡ്രസ് പ്രൂഫും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. നിശ്ചിത ഫീസ് ഓൺലൈനായി അടയ്ക്കണം.
ഭക്തജനങ്ങൾ ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്:
- നിശ്ചിത ഗുണനിലവാരവും വ്യക്തമായ ലേബൽ വിവരങ്ങളും ഉള്ള ഭക്ഷ്യവസ്തുക്കൾ മാത്രമേ നിവേദ്യത്തിനായി ഉപയോഗിക്കാവൂ.
- ലേബൽ വിവരങ്ങൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷണങ്ങൾ, മിഠായികൾ, പഞ്ഞിമിഠായി, ഐസ് കാൻഡി എന്നിവ ഒഴിവാക്കണം.
- തുറന്ന നിലയിൽ വിൽക്കുന്ന ഭക്ഷണങ്ങൾ (ശർക്കര, കൽക്കണ്ടം, എണ്ണയിൽ പൊരിച്ചവ മുതലായവ) ഉപയോഗിക്കരുത്.
- അന്നദാനത്തിനും ദാഹജല വിതരണത്തിനും ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളും ഉപയോഗിക്കണം.
- ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് സാംക്രമിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കണം; അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരവും പരിശോധിക്കണം.
- കുടിവെള്ളമായി തിളപ്പിച്ച വെള്ളം ഉപയോഗിക്കുക.
- സർബത്ത്, നാരങ്ങാവെള്ളം, തണ്ണിമത്തൻ തുടങ്ങിയ ശീതള പാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് നിർമ്മിച്ച ഐസ് മാത്രമാണെന്ന് ഉറപ്പാക്കണം.
- പാകം ചെയ്ത ഭക്ഷണങ്ങൾ നിശ്ചിത ഉഷ്മാവിൽ സൂക്ഷിക്കുകയും വൃത്തിയുള്ള പരിസരത്ത് വിതരണം ചെയ്യുകയും വേണം.
പൊതുജനങ്ങൾക്ക് ഭക്ഷണത്തിലെ മായം കണ്ടെത്തുന്നതിനുള്ള പ്രാഥമിക പരിശോധനയ്ക്കായി സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയുടെ സേവനം ക്ഷേത്രപരിസരത്ത് ലഭ്യമാകും. ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1126 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.