അഴീക്കോടൻ രാഘവൻ അനുസ്മരണത്തിലും പങ്കെടുക്കാതെ ഇ.പി

കണ്ണൂർ ∙ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പാർട്ടി പരിപാടികളോടുള്ള ബഹിഷ്കരണം തുടർന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. സിപിഎം ജില്ലാ കമ്മിറ്റി പയ്യാമ്പലത്ത് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിസ്തൂപത്തിൽ നടത്തിയ പുഷ്പാർച്ചനയിലും ഇ.പി പങ്കെടുത്തില്ല. ഈ മാസം 9ന് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലും പങ്കെടുത്തിരുന്നില്ല. അഴീക്കോടൻ രാഘവൻ അനുസ്മരണത്തിൽ ഇ.പി പങ്കെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. പി.െക. ശ്രീമതിയും പി. ജയരാജനും എം.വി. ജയരാജനുമാണ് പുഷ്പാർച്ചനയിൽ പങ്കെടുത്തത്.
എറണാകുളത്ത് എം.എം.ലോറൻസിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ പോകാനുള്ളതിനാലാണ് അഴീക്കോടൻ അനുസ്മരണത്തിന് എത്താതിരുന്നതെന്നാണ് ഇ.പി നൽകിയ വിശദീകരണം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം പാർട്ടി നടത്തിയ പരിപാടികളിലൊന്നും ഇ.പി പങ്കെടുത്തിരുന്നില്ല. ആയുർവേദ ചികിത്സയിലായതിനാലാണ് ഇ.പി പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നാണ് ചടയൻ അനുസ്മരണം ബഹിഷ്കരിച്ചപ്പോൾ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നൽകിയ വിശദീകരണം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെത്തുടർന്ന് ഡൽഹിയിൽ മാത്രമാണ് അദ്ദേഹത്തെ നേതാക്കൾക്കൊപ്പം കണ്ടത്.