പെണ്‍കുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: പെണ്‍കുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പുരസ്‌കാരം സമ്മാനിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ച്‌ വരുത്തിയ പെൺകുട്ടിയൊണ് അപമാനിച്ചത്.

സംഭവത്തില്‍ സമസ്ത സെക്രട്ടറിക്കും പെരിന്തല്‍മണ്ണ പോലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സമസ്ത നേതാവ് പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോ സംഭവം വലിയ വിവാദമായിരുന്നു. ഇതോടെ സമസ്തയെ വിമര്‍ശിച്ച്‌ നിരവധി പേര്‍ രംഗത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സംഭവത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നല്‍കാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോഴാണ് വിവാദമായ സംഭവമുണ്ടായത്. ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച്‌ തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്”- എന്നായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ ആക്രോശം.

സമസ്തയുടെ പൊതുവേദിയിലേക്ക് ഇനി മേലാല്‍ പെണ്‍കുട്ടികളെ ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്നാണ് സമസ്ത നേതാവായ എം.ടി അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരെ ശാസിച്ചത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാര്‍.

Leave a Reply

Your email address will not be published. Required fields are marked *