ബീഡിക്കുറ്റി ചവറ്റുകൊട്ടയിലിട്ടു; ദൗണ്ട് – പൂനെ ഡെമു ട്രെയിനില്‍ തീപിടുത്തം

പൂനെയിലെ ട്രെയിനില്‍ തീപിടുത്തം. ദൗണ്ട് -പൂനെ ഡെമുവിലാണ് തീപിടിത്തം ഉണ്ടായത്. ട്രെയിനിനകത്തെ ശുചിമുറിയിലാണ് തീ പടര്‍ന്നത്. ശുചിമുറിയില്‍ പുകവലിച്ച യാത്രക്കാരന്‍ ബീഡിക്കുറ്റി ചവറ്റുകൊട്ടയിലിട്ടതാണ് തീപിടുത്തതിന് കാരണമായത്. സംഭവത്തില്‍ ആളപായമില്ല. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
ശുചിമുറിയില്‍ നിന്ന് ഒരാള്‍ അലറിക്കരയുന്നത് കേട്ടാണ് സഹയാത്രികര്‍ സംഭവം അറിയുന്നത്. ശുചിമുറിയുടെ വാതില്‍ അകത്ത് നിന്ന് തുറക്കാന്‍ ആകാത്ത വിധം ലോക്ക് ആയിരുന്നു. പിന്നീട് മറ്റ് യാത്രക്കാര്‍ ചവിട്ടി തുറന്നാണ് വാതില്‍ തുറന്ന് മധ്യപ്രദേശുകാരനായ 55 കാരനെ പുറത്തെത്തിച്ചത്. പിന്നാലെ ശുചിമുറിക്ക് പുറത്തെ കോച്ചിലേക്ക് കൂടി പുക പടരുകയായിരുന്നു. സംഭവത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തീപിടുത്തത്തില്‍ ഒരു യാത്രക്കാര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. റെയില്‍വേ അധികൃതരും പൊലീസും ഉടന്‍ തന്നെ ഇടപെട്ട് തീ അണച്ചു. തീപിടുത്തമുണ്ടായ കോച്ചില്‍ ആ സമയത്ത് കുറച്ച് യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.