അച്ഛന്റെ മഹത് സേവനങ്ങൾക്ക് മകന്റെ സ്നേഹാർപ്പണം; “ഭയങ്കരൻ ” നോവൽ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഭിഷഗ്വരനായിരുന്ന അച്ഛന്‍റെ വിലമതിക്കാനാവാത്ത മഹത് സേവനങ്ങള്‍ക്ക് മകന്‍റെ സ്നേഹാര്‍പ്പണമായി ലഘുനോവല്‍ “ഭയങ്കരന്‍” പ്രകാശനം ചെയ്തു. ലോകാരോഗ്യസംഘടനയുടെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന കുഷ്ഠരോഗവിദഗ്ധന്‍  ഇടുക്കിക്കാരനായ ഡോ ജെയിംസ് ജോസഫിന് തന്‍റെ ഔദ്യോഗികജീവിതത്തിലും വ്യക്തിജീവിതത്തിലും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെയും അവയെ അതിജീവിച്ച് സമൂഹത്തിലെ അവഗണിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സൗഖ്യം പകരുകയും ചെയ്ത കാലത്തെ അനുഭവങ്ങളാണ് അദ്ദേഹത്തിന്‍റെ മകനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം ഫിസിയോ ഇന്‍ചാര്‍ജുമായ ബിനു ജെയിംസ് ഭയങ്കരന്‍ എന്ന പേരില്‍ ലഘുനോവല്‍രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ലോകാരോഗ്യസംഘടനയിലെ സേവനങ്ങള്‍ക്കുശേഷം ഇടുക്കിയില്‍ സ്വരാജ് എന്ന സ്ഥലത്ത് 1980കളില്‍ ഡോ ജെയിംസ് ജോസഫ് സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറമുള്ള കോഴിമലയിലെ ആദിവാസികള്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്നതായിരുന്നു ഉദ്ദേശം. അവിടെ ചികിത്സ ആരംഭിച്ചശേഷം രക്ഷപ്പെടാന്‍ ബുദ്ധിമുട്ടെന്ന് കരുതിയ നിരവധി രോഗികളെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞു. ഇതോടെ നാട്ടുകാര്‍ ബഹുമാനാര്‍ത്ഥം നല്‍കിയ ഭയങ്കരന്‍ ഡോക്ടര്‍ എന്ന പേരിലാണ്  പില്‍ക്കാലം അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2022 മാര്‍ച്ച് മാസം ഡോ ജെയിംസ് ജോസഫ് അന്തരിച്ചു. ബിനു ജെയിംസ് നോവലിന് ഭയങ്കരന്‍ എന്നു നാമകരണം ചെയ്തതും നാട്ടുകാര്‍ അച്ഛന് നല്‍കിയ ഭയങ്കരന്‍ ഡോക്ടര്‍ എന്ന പേരിന്‍റെ ചുവടുപിടിച്ചാണ്.

രോഗം മൂലം ദുരിതം അനുവഭിക്കുന്ന പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടുക്കിയില്‍ ചികിത്സാകേന്ദ്രം ആരംഭിച്ചതെങ്കിലും അത് യാഥാര്‍ത്ഥ്യമാക്കുന്നതിന് നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളെക്കുറിച്ചും കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും ബി ജെ എന്നറിയപ്പെടുന്ന ബിനുജെയിംസ് നോവലില്‍ വിവരിക്കുന്നുണ്ട്. അച്ഛന്‍റെ ജീവിതകഥ മൂന്നാമതൊരാള്‍ പറയുന്നരീതിയിലാണ് നോവല്‍ രചിച്ചിരിക്കുന്നത്. ലോകപ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് നോവലിന് അവതാരിക എഴുതിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ കേരളാ നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ പി എസ് ശ്രീകല ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ കെ എല്‍ സുരേഷ്കുമാറിന് നല്‍കി നോവല്‍ പ്രകാശനം ചെയ്തു. മുഖ്യാതിഥിയായ ചലച്ചിത്ര സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്, ബിനു ജെയിംസ് എന്നിവര്‍ സംസാരിച്ചു.

ചിത്രം: ഭയങ്കരന്‍ നേവലിന്‍റെ പ്രകാശനം കേരളാ നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ പി എസ് ശ്രീകല മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ കെ എല്‍ സുരേഷ്കുമാറിന് നല്‍കി പ്രകാശനം ചെയ്യുന്നുലെ ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ കെ എല്‍ സുരേഷ്കുമാറിന് നല്‍കി പ്രകാശനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *