തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നും കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും ബിജു പ്രഭാകറിനെ നീക്കി. വ്യവസായ വകുപ്പു സെക്രട്ടറിയായാണ് പുതിയ നിയമനം. എന്നാൽ റെയിൽവേ, മെട്രൊ ഏവിയേഷൻ എന്നിവയുടെ ചുമതലയിൽ നിന്ന് നീക്കിയിട്ടില്ല.
റോഡ് ഗതാഗതത്തിന്‍റെ അധിക ചുമതല കെ. വാസുകിക്ക് ആയിരിക്കും. ലേബർ കമ്മിഷണർ സ്ഥാനത്തു നിന്ന് വാസുകിയെ ലേബർ വകുപ്പ് സെക്രട്ടറി പദത്തിലേക്കും മാറ്റിയിട്ടുണ്ട്. അർജുൺ പാണ്ഡ്യയാണ് പുതിയ ലേബർ കമ്മിഷണർ. പുതിയ ഊർജ സെക്രട്ടറിയായി സൗരഭ് ജെയിൻ സ്ഥാനമേൽക്കും.
പുതിയ ഗതാഗത വകുപ്പ് മന്ത്രിയായ കെ.ബി. ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കെഎസ്ആർടിസിയുടെ സിഎംഡി സ്ഥാനത്തു നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. അതിനു പിന്നാലെ ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു.
ബിജു പ്രഭാകർ ഇന്നാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഇലക്‌ട്രിക് ബസ് ഉൾപ്പെടെ പല വിഷയങ്ങളിലും മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബിജു പ്രഭാകറിന് അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു.അര്‍ജ്ജുൻ പാണ്ഡ്യനെ പുതിയ ലേബര്‍ കമ്മീഷണറായും സൗരഭ് ജയിനിനെ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.