ബംഗളൂരു നഗരത്തില്‍ 6 ആഴ്ചയ്ക്കുള്ളില്‍ ബൈക്ക് ടാക്സി സേവനം നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവ്

ബാംഗ്ലൂര്‍ നഗരത്തില്‍ ബൈക്ക് ടാക്സി സേവനങ്ങള്‍ക്ക് നിരോധനം. കര്‍ണാടക ഹൈക്കോടതിയാണ് ആറ് ആഴ്ചയ്ക്കകം ബംഗളൂരു നഗരത്തില്‍ ബൈക്ക് ടാക്സി സേവനം നിര്‍ത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. മെട്രോ നിരക്കുകള്‍ 71 ശതമാനം ഉയര്‍ത്തിയതും, ബസ് ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയര്‍ത്തിയതിനും പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധി. ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിനെ മൂന്നുമാസത്തെ സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.
ബംഗളൂരുവില്‍ യാത്രക്കാര്‍ വലിയതോതില്‍ ആശ്രയിച്ചിരുന്ന സേവനമാണ് ബൈക്ക് ടാക്സി. നൂറുകണക്കിന് യുവാക്കളാണ് ഈ സര്‍വീസിലൂടെ വരുമാനം കണ്ടെത്തുന്നത്. ഇവരുടെയെല്ലാം ജീവിതത്തെ താരമായി ബാധിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടകയില്‍ ജന്മം കൊണ്ട ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആയ റാപ്പിഡോ അറിയിച്ചിട്ടുണ്ട്.
2021ല്‍ രാജ്യത്ത് ആദ്യമായി ഇലക്ട്രിക് ബൈക്ക് ടാക്സി പോളിസി കൊണ്ടുവന്ന സംസ്ഥാനമാണ് കര്‍ണാടകം. എന്നാല്‍ 2024 മാര്‍ച്ചില്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ പോളിസി പിന്‍വലിച്ചു. സംസ്ഥാനത്ത് ബൈക്ക് ടാക്സുകളുടെ ആദര്‍ഭാവം വലിയതോതില്‍ ഓട്ടോറിക്ഷ തൊഴിലാളികളെ ബാധിച്ചിരുന്നു. യാത്രക്കാര്‍ കൂടുതലായി ബൈക്ക് ടാക്സികളെ ആശ്രയിച്ചതോടെ ഓട്ടോറിക്ഷകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുകയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ വരുമാനം കുറയുകയും ചെയ്തു.
ഏത് ഇടവഴികളില്‍ കൂടെയും യാത്ര ചെയ്യാം എന്നതും, ഓട്ടോറിക്ഷകള്‍ മീറ്ററിട്ട് ഓടാത്തതും, കുറഞ്ഞ ചാര്‍ജും ബൈക്ക് ടാക്സികളെ ജനപ്രിയമാക്കി. കിലോമീറ്റര്‍ 10 രൂപ നിരക്കില്‍ ആയിരുന്നു ബൈക്ക് ടാക്സികള്‍ നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്നത്. ബംഗളൂരുവില്‍ ഒരു ലക്ഷത്തോളം ബൈക്ക് ടാക്സി ഡ്രൈവര്‍മാര്‍ ഉണ്ട് എന്നാണ് ബൈക്ക് ടാക്സി അസോസിയേഷന് പറയുന്നത്. കര്‍ണാടക ഹൈക്കോടതിവിധി തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും അവര്‍ പറയുന്നു.