ബിന്ദുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റി; മൂന്ന് ആവശ്യങ്ങളുന്നയിച്ച് ചാണ്ടി ഉമ്മന്‍

മെഡിക്കല്‍ കോളേജില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇവിടെ നിന്ന് മാറ്റുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബന്ധുക്കളെ അടക്കം അണിനിരത്തിയായിരുന്നു പ്രതിഷേധം. മൂന്ന് ആവശ്യങ്ങളുന്നയിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എ സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയെ ശക്തമായി വിമര്‍ശിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം ആംബുലന്‍സ് മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബിന്ദുവിന്റെ മൃതദേഹവുമായി പോയി.
ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മകള്‍ നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.40 ലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കണമെന്നും നവമിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മൃതദേഹം മുട്ടുച്ചിറ ഹോളി ഹോസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിക്കുക. രാവിലെ 8 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോകും.