സംസ്ഥാനത്തെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പാളി; വീണ്ടും സമയം നീട്ടി സർക്കാർ

സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാൻ വീണ്ടും സമയം നീട്ടി സർക്കാർ. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണം. ഇതിനുള്ള നടപടികള്‍ ഈ മാസം പൂര്‍ത്തീകരിക്കണമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു. നേരത്തെ ഇന്നുമുതല്‍ പഞ്ചിംഗ് രേഖപ്പെടുത്താനായിരുന്നു തീരുമാനം.
കലക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നിർബന്ധമാക്കിയത്. ഹാജർ ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പഞ്ചിംഗ് ഒരുക്കിയിരിക്കുന്നത്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പിക്കുന്നതിൽ പ്രശ്‌നം നിലനിൽക്കുന്നതിനാലാണ് പഞ്ചിംഗ് നീട്ടി വെയ്‌ക്കുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. മാർച്ച് 31- നകം എല്ലാ സർക്കാർ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സജ്ജമാക്കാനാണ് പുതിയ നിർദേശം.