ബിജെപി ജാതി-മത ഭേദമില്ലാതെ എല്ലാവർക്കും വേണ്ടിയുള്ള പാർട്ടി, ലീഗ് മുസ്ലിംകൾക്ക് വേണ്ടി; രാജീവ് ചന്ദ്രശേഖർ

മലപ്പുറം: മുസ്ലീംലീഗ് കേരളത്തിലെ മുസ്ലീംകളെ മാത്രം പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്നവരെന്ന് സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയവരാണെന്നും കോണ്‍ഗ്രസ് വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഇക്കൂട്ടരുടെ ചതി മുനമ്പത്തെ 610 കുടുംബങ്ങള്‍ അനുഭവിച്ചതാണ്. ബിജെപി മാത്രമാണ് ജാതി- മത പരിഗണനകള്‍ക്കപ്പുറം എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും മലപ്പുറം വെസ്റ്റ് ജില്ലാ വികസിത കേരളം കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കവെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളം കൊടുക്കാന്‍ പൈസ ഇല്ലാത്ത സര്‍ക്കാരാണ് ഒന്‍പതാം വാര്‍ഷികത്തിന്റെ ആഘോഷ ധൂര്‍ത്ത് നടത്തുന്നത്. അതിനെയാണ് ബിജെപി ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസും സിപിഎമ്മും യു പി എ കാലത്ത് അഴിമതികളിലൂടെ രാജ്യത്തെ തകര്‍ത്തവരാണ്. 2014ന് മുമ്പ് ലോകം ഇന്ത്യയെപ്പറ്റി ചര്‍ച്ച ചെയ്തത് ഏറ്റവും ദുര്‍ബലമായ സമ്പദ് ഘടന എന്നതായിരുന്നു. ഒരു രാജവംശത്തിനു വേണ്ടി രാജ്യത്തെ അഴിമതിയില്‍ അവര്‍ മുക്കി. എന്നാല്‍ 2014 മുതല്‍ മോദി ഭരണത്തിനു കീഴില്‍ രാജ്യം വികസന വഴിയില്‍ മുന്നോട്ട് പോയി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി ഇന്ത്യയെ വളര്‍ത്തുകയാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കഴിഞ്ഞ 9 വര്‍ഷവും ഭരിച്ച് കടം എടുക്കാതെ മുന്നോട്ട് പോകാനുള്ള വഴി ഇല്ലാത്ത അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാര്‍ കേരളത്തെ എത്തിച്ചത്. ദേശീയ പാത നിര്‍മിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് കുഞ്ഞാലികുട്ടി നിയമസഭയില്‍ പറഞ്ഞത് എല്ലാവരും കണ്ടതാണ്. സത്യം പറയാനാവാത്ത അവസ്ഥ രണ്ടു മുന്നണികള്‍ക്കും വന്നു കഴിഞ്ഞു. കേരളം വികസിക്കണമെങ്കില്‍ ബിജെപി അധികാരത്തില്‍ എത്തണം. വലിയ നിര്‍മാണ ശാലകള്‍ കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലേക്ക് നിരന്തരം വന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ മാത്രം വികസനം ഒന്നും തന്നെ നടക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഉള്ള കാലത്തോളം ഒരു മാറ്റവും വരില്ല. സംസ്ഥാനത്ത് മാറ്റം വരാന്‍ ബിജെപി അധികാരത്തില്‍ എത്തണം. നമ്മള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ജനങ്ങള്‍ കൂടെ നില്‍ക്കും. അവര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണെന്ന് പാര്‍ട്ടിയുടെ ബൂത്തുതലം മുതല്‍ സംസ്ഥാന തലം വരെയുള്ള നേതാക്കള്‍ വീട് വീടാന്തരം കയറി വികസത കേരളം എന്ന സന്ദേശം ജനങ്ങള്‍ക്ക് മുന്‍പില്‍ വെക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വിടപറഞ്ഞ ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടുള്ള ആദര സൂചകമായി മലപ്പുറം വെസ്റ്റ് ജില്ലാ കണ്‍വന്‍ഷന്‍ ആരംഭിക്കും മുന്നേ ബിജെപി നേതാക്കളും പ്രവര്‍ത്തകരും മൗനം ആചരിച്ചു. ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, ജില്ലാ അധ്യക്ഷ ദീപ പുഴക്കല്‍, സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ ജില്ലാ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചു.