സി സി മുകുന്ദനെ നാട്ടികയിൽ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി

തൃശൂർ: അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയെ നിർത്താതെ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സിപിഐയിൽ നിന്ന് പുറത്തായ സിസി മുകുന്ദൻ എംഎൽഎയ്‌ക്ക് നാട്ടികയിൽ പിന്തുണയില്ലെന്നും അവർ അറിയിച്ചിരുന്നു. ഇപ്പോഴിതാ മുകുന്ദനെ നാട്ടികയിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി നീക്കം നടത്തുന്നതായി സൂചന. യുഡിഎഫിന്റെ പിന്തുണയില്ലെങ്കിലും മത്സരിക്കും എന്ന സിസി മുകുന്ദന്റെ തീരുമാനത്തിന് പിന്നാലെയാണ് ബിജെപി സ്ഥാനാർത്ഥിത്വ നിക്കം നടത്തുന്നത്. എന്നാൽ ബിജെപി പിന്തുണ സ്വീകരിക്കുന്നകാര്യം ആലോചിച്ച് തീരുമാനിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
സിപിഎമ്മും കോൺഗ്രസും സിസി മുകുന്ദന് പിന്തുണ നൽകാതായതോടെ അദ്ദേഹത്തിനായി ആം ആദ്‌മി പാർട്ടിയും രംഗത്തുണ്ട് എന്നാണ് സൂചന. പാർട്ടി നേതാക്കൾ മുകുന്ദനുമായി ചർച്ച നടത്തി എന്നാണ് വിവരം. മുൻപ് ബിജെപിയുടെ പിന്തുണ തേടില്ലെന്നായിരുന്നു സിസി മുകുന്ദൻ അറിയിച്ചത്.
എന്നാൽ മാറിയ സാഹചര്യത്തിൽ അദ്ദേഹം പിന്തുണ സ്വീകരിക്കുമോ എന്നാണ് കാണേണ്ടത്.സിസി മുകുന്ദനെ നാട്ടികയിൽ പിന്തുണയ്‌ക്കില്ല എന്നറിയിച്ച കോൺഗ്രസ് തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ പരിഗണിക്കാമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. ഇടത് പക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ മുകുന്ദൻ പിടിച്ചാൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് അവർ കരുതുന്നത്. മണ്ഡലം രൂപീകരിച്ച ശേഷം ഏറ്റവും വലിയ മാർജിനിൽ വിജയം നേടിയയാളാണ് സിസി മുകുന്ദൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28431 വോട്ടുകൾക്കാണ് അദ്ദേഹം കോൺഗ്രസിലെ അഡ്വ. സുനിൽ ലാലൂരിനെ പരാജയപ്പെടുത്തിയത്.