ബിജെപിക്ക് ഇത്തവണ സീറ്റ് പിടിച്ചേ അടങ്ങൂ; സ്ഥാനാർത്ഥിയാകാൻ ഒരുങ്ങി ആർ ശ്രീലേഖ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. പ്രധാന സീറ്റുകളിൽ ഏകദേശ ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ വേണ്ടെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പട്ടികയ്‌ക്കൊപ്പം കേരളത്തിലെ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് സാദ്ധ്യത. എന്നാൽ സീറ്റ് ഉറപ്പായ നേതാക്കളോട് മണ്ഡലങ്ങളിൽ പ്രവർത്തനം ആരംഭിക്കാൻ പാർട്ടി നിർദ്ദേശം നൽകിക്കഴിഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ ജനവിധി തേടുമ്പോൾ, കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കാനാണ് സാധ്യത. കാട്ടാക്കടയിൽ മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിനെയും പാലായിൽ എൻഡിഎ ഘടകകക്ഷി നേതാവായ ഷോൺ ജോർജിനെയും സ്ഥാനാർഥികളായി പരിഗണിക്കുന്നു.
തിരുവല്ലയിൽ അനൂപ് ആന്റണിയും ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതിയും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആറന്മുള മണ്ഡലത്തിൽ നിന്നുമാകും ജനവിധി തേടുക. സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായ പ്രധാന മണ്ഡലങ്ങളാണ് ഇവയെല്ലാം.വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്.
ഇതിൽ കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഉടനുണ്ടാകും. തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ, ചെങ്കൽ രാജശേഖരൻ നായർ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. എംടി രമേശിന്റെ പേര് തുടക്കത്തിൽ ഉയർന്നു കേട്ടെങ്കിലും, അവസാന നിമിഷം സർപ്രൈസ് സ്ഥാനാർഥി വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കായംകുളം അല്ലെങ്കിൽ പാലക്കാട് മണ്ഡലങ്ങളിലൊന്നിൽ ശോഭ സുരേന്ദ്രൻ മത്സരിക്കാനാണ് സാധ്യത.
എറണാകുളം ജില്ലയിൽ ചില സീറ്റുകൾ ട്വന്റി20ക്ക് വിട്ടുനൽകാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലും ആലുവയിലും ബിജെപി നേരിട്ട് മത്സരിക്കും. എൻഡിഎ ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സാബു ജേക്കബ് എന്നിവരുടെ സ്ഥാനാർഥിത്വം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.