സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശ്ശൂര്‍ പിടിക്കാന്‍ ബിജെപി

തൃശ്ശൂര്‍: സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടം നടത്താന്‍ ബിജെപി. വീണ്ടും മത്സരിക്കാനില്ലെന്ന നിലപാട് ടിഎന്‍ പ്രതാപന്‍ എംപി തിരുത്തിയതോടെ രണ്ടാം അങ്കത്തിനുള്ള ഒരുക്കവും തുടങ്ങി. മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി ഇടതുമുന്നണി മുന്നില്‍ കാണുന്നത്.തൃശ്ശൂര്‍ ഇത്തവണ, സുരേഷ് ഗോപി എടുക്കുമെന്നൊരു അടക്കംപറച്ചിലുണ്ട്. വിട്ടുകൊടുക്കാന്‍ യുഡിഎഫ് ഒരുക്കമേ അല്ല. തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് എല്‍ഡിഎഫും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ തീപാറിക്കും എന്നുറപ്പ്.

പാര്‍ട്ടിക്ക് പുറത്ത് സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ക്രിസ്ത്യന്‍ സഭകളുമായി രാഷ്ട്രീയമായി അടുക്കാനുള്ള നീക്കത്തിന്റെ പരീക്ഷണശാലയായും തൃശൂര്‍ മണ്ഡലത്തെ ബിജെപി കാണുന്നുണ്ട്. അതിന് മുന്‍പേ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ ജനകീയമാക്കാനുള്ള വമ്പന്‍ പദ്ധതികളും പാര്‍ട്ടി ദേശീയ നേതൃത്വത്തിനുണ്ട്.

ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാന്‍ ഇല്ലെന്നും നിയമസഭയാണ് താല്പര്യമെന്നും ടി എന്‍ പ്രതാപന്‍ നേരത്തെ പറഞ്ഞിരുന്നു. പരാജയ ഭീതി കാരണമെന്ന തോന്നല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാകുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കളും പങ്കുവെച്ചു. എല്ലാ സിറ്റിംഗ് എം പിമാരും മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റില്‍ ഉയര്‍ന്നത്തോടെ പ്രതാപന്‍ പാര്‍ട്ടിക്ക് വഴങ്ങി. എങ്കിലും പിന്‍വലിയാനുള്ള സാധ്യത പൂര്‍ണമായും മാറിയിട്ടുമില്ല. അങ്ങനെ വന്നാല്‍ വി ടി ബല്‍റാം ആകും കോണ്‍ഗ്രസിന്റെ ചോയ്‌സ്.

മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടെങ്കിലും പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ ഗുഡ് ലിസ്റ്റില്‍ സുനില്‍കുമാറിന് ഇടമില്ല. എന്നാല്‍ പിണറായി വിജയനുമായി നല്ല ബന്ധമുള്ളതിനാല്‍ മുന്നണിയില്‍ നിന്ന് സുനില്‍കുമാറിനായി സമ്മര്‍ദ്ദം ഉയരും. രാജ്യസഭാംഗം ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളനാകില്ല.

 

Leave a Reply

Your email address will not be published. Required fields are marked *