പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

പാലക്കാട്: പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്. ബി ജെ പി യുടെ ശക്തി കേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞു വെച്ചത്. പിന്നീട് സ്ഥാനാർത്ഥിയായ രമേശ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം.
ഇതിനിടെ, കാസർകോട് ചെറുവത്തൂരിൽ യുഡിഎഫ് പ്രചാരണ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു. കാസര്‍കോട് ചെറുവത്തൂർ ബസ്റ്റാൻഡിൽ ആണ് സംഭവം. പ്രശ്നമറിഞ്ഞ് സ്ഥലത്തെത്തിയ സന്ദീപ് വാര്യരെയും തടയാൻ ശ്രമിച്ചതായി യുഡിഎഫ് ആരോപിച്ചിരുന്നു. ചെറുവത്തൂരിൽ സന്ദീപ് വാര്യരും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു എന്നാൽ, ഇതിന് മറുപടി വീഡിയോയുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഇതര സംസ്ഥാനത്തുള്ളവർ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ വീഡിയോ പുറത്തുവിട്ടായിരുന്നു സിപിഎമ്മിന്റെ മറുപടി. ചെറുവത്തൂർ മടക്കരയിലെ പ്രചാരണ വീഡിയോ ആണ് പുറത്തുവിട്ടത്.