സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡ് വിവാദം കനക്കും; നിർണായക തെളിവുകളുമായി പോലീസ്

തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ പോലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചു. സമരത്തിനിടെ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്ഐ പ്രവർത്തകർ തന്നെയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിസിടിവി പോലീസ് ക്യാമറ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് സ്പെഷ്യൽ ബ്രാഞ്ചും ഇത് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കടയിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകൻ അൽഅമീനെ കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പോലീസ് ബാരിക്കേഡുകൾ കെട്ടിയിരുന്ന വടം മുറിച്ചുമാറ്റാനാണ് സമരക്കാർ ബ്ലേഡുകൾ കൈവശം വെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമരത്തിനിടെ ഈ ബ്ലേഡ് ഉപയോഗിച്ച് ബാരിക്കേഡിന്റെ വടം മുറിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. തുടർന്നുണ്ടായ ഉന്തും തള്ളലിനുമിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാർക്ക് ബ്ലേഡ് കൊണ്ട് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിൽ കടുത്ത ഭാഷയിലാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. പോലീസിന് നിയമം നടപ്പിലാക്കാൻ ലാത്തിയും തോക്കുമുണ്ട്, അല്ലാതെ ബ്ലേഡിന്റെ ആവശ്യമില്ല. ബ്ലേഡും കൊണ്ട് വന്ന് സമരം ചെയ്യുന്നത് പുതിയ രീതിയാണ്, ആ പണി ഇവിടെ നടക്കില്ല. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കൃത്യമായി അന്വേഷിച്ച് കണ്ടുപിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നാണ് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ പ്രതികരിച്ചത്. തങ്ങളെയാണ് പോലീസ് ബ്ലേഡ് കൊണ്ട് ആക്രമിച്ചതെന്ന് ആരോപിച്ച എസ്എഫ്ഐ, സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

പോലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളും സിസിടിവിയും വിശദമായി പരിശോധിക്കണമെന്നും വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്നുമാണ് എസ്എഫ്ഐയുടെ ആവശ്യം. ഐഎച്ച്ആർഡി ഫീസ് വർദ്ധനവിനെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് പലതവണ ജലപീരങ്കിയും ലാത്തിച്ചാർജ്ജും പ്രയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ബ്ലേഡുകളുടെ ചിത്രം പുറത്തുവിട്ടുകൊണ്ട് ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്.