ബംഗ്ളാദേശിൽ അധികാരമുറപ്പിച്ച് ബിഎൻപി; താരിഖ് റഹ്മാനെ അഭിനന്ദിച്ച് മോദി

ധാക്ക: ബംഗ്ളാദേശിൽ 2024ലെ പ്രക്ഷോഭത്തിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ളാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേയ്ക്ക്. ആകെയുള്ള 300 സീറ്റിൽ ബിഎൻപി 151 സീറ്റുകൾ നേടിയെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ 200ൽ അധികം സീറ്റുകൾ നേടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
17 വർഷത്തെ ഒളിവുജീവിതത്തിനുശേഷം രാജ്യത്ത് തിരിച്ചെത്തിയ താരിഖ് റഹ്മാൻ തന്നെയായിരിക്കും ബംഗ്ളാദേശിന്റെ അടുത്ത പ്രധാനമന്ത്രി. തിരഞ്ഞെടുപ്പിൽ ബിഎൻപിയുടെ എതിരാളിയായിരുന്ന ജമാ അത്ത് – ഇ- ഇസ്‌ലാമി 46 സീറ്റുകൾ മാത്രമാണ് ഇതുവരെ നേടിയത്. വോട്ടുകൾ ഇനിയും എണ്ണിത്തീരാനുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക കണക്കുകൾ പൂർണമായും പുറത്തുവിട്ടിട്ടില്ല.ബിഎൻപിയുടെ വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്, അമേരിക്കൻ അംബാസിഡർ തുടങ്ങിയവർ അഭിനന്ദനമറിയിച്ചു.
ബംഗ്ളാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഎൻപിയെ വൻ വിജയത്തിലേയ്ക്ക് നയിച്ച താരിഖ് റഹ്മാനെ അഭിനന്ദിക്കുന്നതായി മോദി കുറിച്ചു. ഇന്ത്യ ബംഗ്ളാദേശിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.താരിഖ് റഹ്മാനെ അഭിനന്ദിച്ച ഷെഹ്‌ബാസ് ഷെരീഫ് പുതിയ ബംഗ്ളാദേശ് നേതൃത്വവുമായി അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. പുതിയ സർക്കാരുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബംഗ്ളാദേശിലെ യുഎസ് അംബാസിഡർ ബ്രെന്റ് ടി ക്രിസ്റ്റൻസൺ പറഞ്ഞു.