മുംബൈ: ഒരു കുടുംബാംഗത്തിന്റെ സാധുതയുള്ള ജാതി സര്‍ട്ടിഫിക്കറ്റ് അവരുടെ പിതാവിന്റെ ബന്ധുക്കള്‍ക്കും നിര്‍ണായക തെളിവായി ഉപയോഗിക്കാമെന്ന് ബോംബൈ ഹൈക്കോടതി. ഇന്‍ഡ്യയിലെ ഭൂരിഭാഗം കുടുംബങ്ങളും പുരുഷ ദായക്രമ കുടുംബ മാതൃകയാണ് പിന്തുടരുന്നതെന്നും അതിനാല്‍ എല്ലാ അംഗങ്ങളും ഒരേ ജാതിയിലോ ഗോത്രത്തിലോ ഉള്ളവരായി നിയമത്തില്‍ പരിഗണിക്കപ്പെടണമെന്നും ജസ്റ്റിസുമാരായ എസ് ബി ഷുക്രേ, ജി എ സനപ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഒരാള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പിതാവിന്റെ ബന്ധത്തിലുള്ള മറ്റൊരാള്‍ക്ക്, വഞ്ചന, വസ്‌തുതകളെ തെറ്റായി അവതരിപ്പിക്കല്‍ അല്ലെങ്കില്‍ വസ്‌തുതകള്‍ മറച്ചുവെക്കല്‍ എന്നിവ ഒഴിച്ചുള്ള കേസുകളില്‍, നിര്‍ണായക തെളിവായി ഈ രേഖ നിലകൊള്ളുമെന്ന് കോടതി പ്രസ്താവിച്ചു
കോടതി ഉത്തരവുകള്‍ ലംഘിക്കരുതെന്ന് സംസ്ഥാനത്തെ ജാതി സൂക്ഷ്മപരിശോധനാ കമിറ്റികളോട് ഹൈകോടതി മുന്നറിയിപ്പ് നല്‍കി, അത്തരം ഏതെങ്കിലും കമിറ്റി ഹൈക്കോടതി ഉത്തരവുകള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഭാവിയില്‍ ഗുരുതരമായ നടപടിയെടുക്കുമെന്നും ബെഞ്ച് വിധിയില്‍ പറഞ്ഞു. രണ്ടാം തവണയും ജാതി സര്‍ടിഫികറ്റ് അസാധുവാക്കിയ താനെയിലെ സൂക്ഷ്മപരിശോധനാ കമിറ്റിയുടെ ഉത്തരവിനെതിരെ താനെ സ്വദേശിയായ ഭരത് തയാഡെ സമര്‍പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ, 2016ല്‍, പട്ടികവര്‍ഗ വിഭാഗമായ ടോക്രെ കോലിയാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം പുനഃപരിശോധിക്കാന്‍ കമിറ്റിയോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. തയാഡെയുടെ കസിന്‍ സഹോദരന്‍ കൈലാഷ് തയാഡെക്ക് നാസിക് ജില്ലയിലെ സൂക്ഷ്മപരിശോധനാ കമിറ്റി സാധുതയുള്ള സര്‍ടിഫികറ്റ് നല്‍കിയതായും കോടതി ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും, വ്യക്തമായ നിര്‍ദേശമുണ്ടായിട്ടും, കൈലാഷിന് നല്‍കിയ സാധുവായ ജാതി സര്‍ടിഫികറ്റ് പരിഗണിക്കാന്‍ താനെയിലെ കമിറ്റി വിസമ്മതിക്കുകയും ടോക്രെ കോലി സമുദായത്തില്‍ പെട്ടയാളാണെന്ന തയാഡെയുടെ അവകാശവാദം നിരസിക്കുകയും ചെയ്തു. താനെയിലെ ജാതി സൂക്ഷ്മപരിശോധനാ സമിതിയുടെ പെരുമാറ്റം ഒരു അര്‍ധ ജുഡീഷ്യല്‍ അതോറിറ്റിയുടെ ‘ജുഡീഷ്യല്‍ അച്ചടക്കരാഹിത്യത്തിന്’ കാരണമായെന്ന് കോടതി നിരീക്ഷിച്ചു. ജാതി സൂക്ഷ്മപരിശോധനാ കമിറ്റിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം തയാഡെയ്ക്ക് സാധുതാ സര്‍ടിഫികറ്റ് നല്‍കണമെന്നും ഉത്തരവിട്ടു.