ട്രംപിന്റെ ഉറപ്പ് ലംഘിച്ചു; ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മിസൈൽ ആക്രമണം

ടെഹ്‌റാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വൻ മിസൈൽ ആക്രമണം. ഇറാന്റെ ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ ഈ നീക്കം നടത്തിയത്. ആക്രമണത്തിൽ ആളപായമോ വികിരണ ചോർച്ചയോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ ഇസ്രയേൽ നഗരങ്ങളിൽ ഇറാന്റെ മിസൈൽ പതിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

ഇറാനുമായി നേരിട്ടുള്ള ചർച്ച ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കരുത് എന്ന പ്രധാന ലക്ഷ്യമാണ് അമേരിക്ക മുന്നിൽ കാണുന്നതെന്നും യുദ്ധലക്ഷ്യങ്ങൾക്കരികെയാണ് അമേരിക്കയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പ്രതികരിച്ചു.

ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം വെറുംവാക്കാണെന്ന് വ്യക്തമായതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. രണ്ട് വൻകിട ഉരുക്ക് നിർമാണശാലകൾ, ഒരു പവർ സ്റ്റേഷൻ, സിവിലിയൻ ആണവ കേന്ദ്രം, മറ്റ് അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ എന്നിവയ്‌ക്ക് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

ഇതിനെല്ലാം വലിയ വില നൽകേണ്ടിവരും എന്നും അദ്ദേഹം വ്യക്തമാക്കി.ഇസ്രയേൽ തീകൊണ്ട് കളിച്ചെന്ന് ഐആര്‍ജിസി എയറോസ്പേസ് കമാൻഡര്‍ സെയ്ദ് മാജിദ് മൂസവി പറഞ്ഞു. ‘ഞങ്ങളുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ആക്രമിക്കുന്നു. മുമ്പും ഇത് നിങ്ങൾ പരീക്ഷിച്ചതാണ്, ഇനി വിട്ടുവീഴ്ചയില്ല. കാത്തിരുന്നു കാണുക’, എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.