ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്; മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന

താനെ: ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന. താനയിലെ ബോറാ കമോഡിറ്റിസ് എന്ന സ്ഥാപനം ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടിയ നിലയിലാണുള്ളത്. ഷെല്‍ കമ്പനിയിലേക്ക് എത്തിച്ച പണം എവിടേക്ക് കടത്തിയെന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. സ്ഥാപനത്തിന്റെ ഉടമസ്ഥരായി കാണിച്ചിരിക്കുന്നത് മുംബൈ സ്വദേശികളെയാണ്.

ഇതില്‍ ഒരാള്‍ ഡ്രൈവറാണ്, ഇയാള്‍ക്ക് സ്ഥാപനത്തെ കുറിച്ച് അറിയില്ല. മറ്റേത് ഇല്ലാത്ത പേരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തല്‍. ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന പണം എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കായിരുന്നു. സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കോടികളാണ് എത്തിയത്. മൂന്നുദിവസത്തോളം വിജിലന്‍സ് മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടാന്‍ ശ്രമിച്ച കേസിലെ വിജിലന്‍സ് അന്വേഷണമാണ് നിലവില്‍ ഷെല്‍ കമ്പനിയില്‍ എത്തി നില്‍ക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പേരില്‍ നടത്തിയ വമ്പന്‍ പണം തട്ടിപ്പില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ഒന്നാം പ്രതിയാണ്. തട്ടിപ്പ് പണം വാങ്ങുന്നതിനിടെ പിടിയിലായ വില്‍സനാണ് രണ്ടാം പ്രതി. ഇയാളുടെ മൊഴിയില്‍ ശേഖര്‍ കുമാറിനെതിരെ പരാമര്‍ശമുണ്ട്. മൊഴിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നാണ് വിജിലന്‍സ് അറിയിച്ചത്. ഇഡി ഉദ്യോഗസ്ഥനായ ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സനും വ്യാപക പണം തട്ടിപ്പ് നടത്തിയെന്നും ഇരുവരും ഇതിന് പുറമെ മറ്റു കേസുകളിലും ഗൂഢാലോചന നടത്തിയെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *