ജനതാദൾ (എസ്) ബി.ജെ.പി- സി.പി.എം ബന്ധത്തിന്റെ പാലം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ബി.ജെ.പി മുന്നണിയുടെ ഭാഗമായ ദേവഗൗഢ നയിക്കുന്ന ജനതാ ദൾ(എസ്)- നെ കേരളത്തിലെ എൽ.ഡി.എഫിൽ നിന്നും ഇനിയും പുറത്താക്കാത്തത് അവർ ബി.ജെ.പി – സി.പി.എം ബന്ധത്തിന്റെ പാലമായതു കൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

കേന്ദ്രത്തിലെ നരേന്ദ്ര മോദി മന്ത്രിസഭയിൽ ജനതാ ദൾ (എസ്) പ്രതിനിധി കുമാരസ്വാമിയും, കേരളത്തിലെ പിണറായി മന്ത്രിസഭയിൽ കെ.കൃഷ്ണൻ കുട്ടിയും അംഗമാണ്. കേരളത്തിലെ ജനതാ ദൾ ദേശീയ സംഘടനയിൽ നിന്നും വേർപെട്ട് പ്രാദേശിക കക്ഷിയായി മാറുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായെങ്കിലും ഒളിച്ചുകളി തുടരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

ദേശീയ തലത്തിൽ ബി.ജെ.പിയുടെ മുഖ്യശത്രുവായ രാഷ്ട്രീയ ജനതാദളിന്റെ നിലവിലെ രാജ്യസഭാംഗമായിരുന്ന എം.വി. ശ്രേയാംസ് കുമാറിനെ സി.പി.എം തഴഞ്ഞത് ബി.ജെ.പിയുടെ പ്രീതിക്കുവേണ്ടിയാണ്. എൽ.ഡി.എഫ് ഘടകകക്ഷികളെയെല്ലാം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയപ്പോൾ ആർ.ജെ.ഡിയെ മാത്രം ഒഴിവാക്കിയത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും ഫിലിപ്പ് ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *