ചേട്ടന്റെ സ്വഭാവം നല്ലതല്ലാ; അതാണ് സ്വഭാവനടനാകാത്തത്

ആരാധകന്റെ ചോദ്യത്തിന് കലക്കന്‍ മറുപടിയുമായി ഷമ്മി തിലകന്
2022 ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരം വലിയ വിവാദങ്ങളില്ലാതെയാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെ നടന് ഷമ്മി തിലകന് പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ഷമ്മിക്ക് അവാര്‍ഡ് ലഭിക്കാത്തതിലുള്ള നിരാശ നിരവധി ആരാധകരും പങ്കുവച്ചു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പാപ്പന്, ജനഗണനമന, പാല്‍തൂ ജാന്‍വര്‍, പടവെട്ട് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ചിട്ടും അവാര്‍ഡിനു പരിഗണിച്ചല്ലല്ലോ എന്നായിരുന്നു പരാതി. ഇതിനിടെയാണ് ഒരു ആരാധകന്റെ രസകരമായ കമന്റും വന്നത്.
മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിക്കാത്തത് ഷമ്മിച്ചേട്ടന്റെ സ്വഭാവം നല്ലതല്ലാത്തതുകൊണ്ടാണോ എന്നാണ് ആരാധകന്റെ സംശയം. ഉടന്‍ വന്നു ഷമ്മിയുടെ പ്രതികരണം.
ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല ഇന്റത് റെഡിയായില്ല്യ.എന്റെ വേറൊരു മോഡലാ വന്നത്.എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ. എന്നായിരുന്നു ഷമ്മി കുറിച്ചത്.
മികച്ച സ്വഭാവനടനായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് ‘എന്നാ താന്‍ കേസുകൊട്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് പി.പി. കുഞ്ഞിക്കൃഷ്ണനാണ്. ‘തന്റെ വേറൊരു മോഡല്‍’ എന്നാണ് പി.പി. കുഞ്ഞിക്കൃഷ്ണന്റെ അഭിനയത്തെ ഷമ്മിതിലകന്‍ വിശേഷിപ്പിച്ചതും.