കോട്ടയം : സോളര്‍ അഴിമതിയാരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജന്‍ കോടികള്‍ വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് എഴുതി നല്‍കുകയായിരുന്നുവെന്നു മുന്‍മന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരന്‍ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ജുഡീഷ്യല്‍ സംവിധാനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയതാണ് ആ വെളിപ്പെടുത്തല്‍ എന്നും വനിത മാസികയ്ക്കു നല്‍കിയ ദീര്‍ഘ അഭിമുഖത്തില്‍ അച്ചു ഉമ്മന്‍ പറഞ്ഞു. സോളര്‍ അന്വേഷണത്തിലെ സിബിഐ റിപ്പോര്‍ട്ട് ഒരു രീതിയിലും ഞെട്ടിച്ചില്ല, ഉമ്മന്‍ ചാണ്ടി നൂറു ശതമാനം നിരപരാധി ആണെന്നു നൂറ്റൊന്നു ശതമാനം ഉറപ്പായിരുന്നു. പക്ഷേ, സി. ദിവാകരന്റെ വെളിപ്പെടുത്തല്‍ ശരിക്കും ഞെട്ടിച്ചു.
സൈബര്‍ ആക്രമണം നേരിടുന്ന സ്ത്രീകള്‍ക്കു കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെയാണു താന്‍ ൈസബര്‍ അറ്റാക്കിനെതിരെ കേസ് കൊടുത്തതെന്നു വ്യക്തമാക്കിയ അച്ചു ഉമ്മന്‍, തെളിവുകള്‍ സഹിതം നല്‍കിയ പരാതി വനിതാ കമ്മിഷന്‍ പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നു പറഞ്ഞു
എന്നെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുണ്ട്, കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. എന്നിട്ടും പ്രതികരിച്ചില്ലെങ്കില്‍ തെറ്റായ സന്ദേശമാകും എന്നു കരുതിയാണു പരാതി നല്‍കിയത്. ഭയന്നിട്ടാണു പല സ്ത്രീകളും സൈബര്‍ ആക്രമണങ്ങള്‍ മനസ്സില്‍ ഒതുക്കുന്നത്. അച്ചു പറയുന്നു. രാഷ്ട്രീയപ്രവേശം, ഫാഷന്‍ ലോകത്തെ ജീവിതം, അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍, േസാഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന രീതിയിലെ വളര്‍ച്ച തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കുന്ന അഭിമുഖത്തിന്റെ പൂര്‍ണരൂപം ഈ ലക്കം വനിതയില്‍ വായിക്കാം.