രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്: സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അത് അങ്ങനെ തന്നെയാണ് നല്‍കേണ്ടതെന്നും അതില്‍ ഒരു തെറ്റില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. രാഹുലിനെതിരായ പരാതിക്ക് പിന്നില്‍ ഒരു ലീഗല്‍ ബ്രെയിനുണ്ടെന്നും വെല്‍ ഡ്രാഫ്റ്റാണെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രസ്താവന. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. സണ്ണി ജോസഫിന്റെ ഈ നിലപാട് തള്ളിയാണ് പരാതി അങ്ങനെ തന്നെയാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കി വിഡി സതീശന്‍ രംഗത്തെത്തിയത്. രാഹുലിനെതിരായ രണ്ടാം പരാതിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ രണ്ടു നേതാക്കളുടെ ഭിന്നാഭിപ്രായമാണിപ്പോള്‍ മറനീക്കി പുറത്തുവന്നത്.

അതേസമയം, നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സണ്ണി ജോസഫ്. പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയ്‌നുണ്ടെന്നും ആസൂത്രിതമാണെന്നും സണ്ണി ജോസഫ് രാവിലെ ആവര്‍ത്തിച്ചു. അതേസമയം, കോണ്‍ഗ്രസുകാരെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് രൂക്ഷവിമര്‍ശനം നടത്തിയ മുഖ്യമന്ത്രിക്കെതിരെയും വിഡി സതീശന്‍ തുറന്നടിച്ചു.