അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു

ഹൈക്കോടതി ജഡ്‌ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരിൽ കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിനെതിരെ കേസെടുത്തു. സൗത്ത്‌ ചിറ്റൂർ ഡിവൈൻ നഗർ കൂരൻകല്ലോക്കാരൻ വീട്ടിൽ അഡ്വ. സൈബി ജോസ്‌ കിടങ്ങൂരിനെതിരെയാണ്‌ പൊലീസ്‌ കേസെടുത്തത്‌.

വഞ്ചനാകുറ്റത്തിനും അഴിമതി നിരോധന നിയമത്തിലെ ഏഴ്‌ (ഒന്ന്‌) വകുപ്പ്‌ പ്രകാരവുമാണ്‌ കേസ്‌. സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ കെ സേതുരാമന്‌ നൽകിയ നിർദ്ദേശപ്രകാരമാണ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചത്‌. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തുമെന്നാണ്‌ സൂചന.

സൈബി ജോസിനെതിരെ അഴിമതി നിരോധന നിയമത്തിലെ ഏഴ്‌ (ഒന്ന്‌) വകുപ്പനുസരിച്ച്‌ കേസെടുക്കാമെന്ന്‌ കൊച്ചി പൊലീസ്‌ മേധാവി പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപി അഡ്വക്കേറ്റ്‌ ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പിനോട്‌ നിയമോപദേശം തേടി. അഭിഭാഷകനായ വ്യക്തിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിൽ വ്യക്തത വരുത്താനാണ്‌ നിയമോപദേശം തേടിയത്‌.

Leave a Reply

Your email address will not be published. Required fields are marked *