ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയായ അഡ്വ. ശ്യാമിലിയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ബെയ്‌ലിന്‍ ദാസിനെതിരെ വഞ്ചിയൂര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി വിവിധ ഗൗരവമുള്ള വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മെയ് 13-നാണ് സംഭവം നടന്നത്. ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കത്തിനിടെയാണ് മര്‍ദനം ഉണ്ടായത്. അടികൊണ്ട് താഴെ വീണിട്ടും എഴുന്നേല്പിച്ച് വീണ്ടും മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

അടുത്ത മാസം 23-ന് കേസ് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. സംഭവം നടന്നതിന് പിന്നാലെ ഒളിവിലായിരുന്ന ബെയ്‌ലിന്‍ ദാസിനെ മൂന്നാം ദിവസമാണ് പിടികൂടിയത്. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് തുമ്പ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.