എഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസ്: എന്‍. സുബ്രഹ്‌മണ്യനെ ചോദ്യം ചെയ്ത് വിട്ടയച്ച് പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്‌മണ്യനെ പൊലീസ് നാടകീയമായി ചോദ്യം ചെയ്തു പിന്നീട് വിട്ടയച്ചു. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് പൊലീസ് സുബ്രഹ്‌മണ്യനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

താന്‍ പങ്കുവച്ച ചിത്രം എഐ സൃഷ്ടിയല്ലെന്ന കാര്യത്തില്‍ നൂറുശതമാനം ഉറപ്പുണ്ടെന്ന് എന്‍. സുബ്രഹ്‌മണ്യന്‍ പറഞ്ഞു. എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് പൊലീസ് വീട്ടിലെത്തിയത്. മൊഴിയെടുക്കാനെന്ന പേരില്‍ തന്നെ വിളിച്ചുണര്‍ത്തിയ പൊലീസ് പിന്നീട് സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് സുബ്രഹ്‌മണ്യന്‍ പറഞ്ഞു. അതിനിടെ സി.ഐയ്ക്ക് ഫോണ്‍ കോള്‍ വന്നതായും, സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ വീണ്ടും ഫോണ്‍ വന്ന് വൈദ്യപരിശോധന നടത്തണമെന്ന് നിര്‍ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് പൊലീസിന്റെ ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.