കേന്ദ്രാനുമതി വൈകുന്നു; മുഖ്യമന്ത്രിയുടെ യുഎഇ യാത്ര അനിശ്ചിതത്വത്തില്‍

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വൈകുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍. മേയ് 8 മുതല്‍ 10 വരെ അബുദാബി നാഷനല്‍ എക്‌സിബിഷന്‍ െസന്ററില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ (എയിം ഗ്ലോബല്‍ 2023) പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും 7ന് യുഎഇയില്‍ എത്തുമെന്നായിരുന്നു അറിയിപ്പ്.

സന്ദര്‍ശനത്തിന് ഇനി ഒരാഴ്ചയേ ഉള്ളൂ. അതിനിടെ, കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു. ഏഴിനു വൈകിട്ട് അബുദാബിയിലും 10നു ദുബായിലും ഒരുക്കിയിരുന്ന പൗരസ്വീകരണവും റദ്ദാക്കി. കേന്ദ്രാനുമതിക്കുള്ള അപേക്ഷ ഈ മാസം ആദ്യമാണു വിദേശകാര്യ മന്ത്രാലയത്തിനു നല്‍കിയത്. ഇന്നലെ പൊതുഭരണ വകുപ്പ് അധികൃതര്‍ ബന്ധപ്പെട്ടപ്പോഴും അപേക്ഷ പരിഗണനയിലാണെന്ന മറുപടി മാത്രമാണു ലഭിച്ചത്.

യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. താനി അഹ്മദ് അല്‍ സയൂദിയാണ് മുഖ്യമന്ത്രിയെ നിക്ഷേപക സംഗമത്തിലേക്കു ക്ഷണിച്ചത്. മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവരടക്കം 9 അംഗ സംഘമാണ് യുഎഇ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

യുഎഇ വ്യവസായ, നൂതനസാങ്കേതിക മന്ത്രാലയവും അബുദാബി സാമ്പത്തിക വികസന വിഭാഗവും ചേര്‍ന്നു സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും സാമ്പത്തികവിദഗ്ധരും പങ്കെടുക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *