മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല…

അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചില്ല. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി അടുത്ത മാസം ഏഴിന് അബുദാബിയിലേക്ക് പോകാനാണ് കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയത്. അനുമതി വൈകുന്നതിന്റെ കാരണം വ്യക്തമല്ലെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.
യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടികളിലും പങ്കെടുക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. അടുത്ത മാസം 8 മുതല്‍ 10 വരെ അബുദാബി നാഷനല്‍ എക്‌സ്ബിഷന്‍ സെന്ററിലാണ് നിക്ഷേപക സംഗമം.
യുഎഇ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അടുത്ത മാസം 7 ന് വൈകിട്ട് 7 മണിക്ക് നാഷനല്‍ തിയറ്ററില്‍ നടത്തുന്ന പരിപാടിയിലും 10 നു ദുബായിലെ പരിപാടിയിലും മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനും തീരുമാനിച്ചിരുന്നു
മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി.രാജീവ്, പൊതുമാരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി തുടങ്ങി ഒന്‍പതംഗ സംഘമാണ് യുഎഇ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. സാധാരണയായി വേഗത്തില്‍ അനുമതി ലഭിക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. അനുമതി ലഭിച്ചില്ലെങ്കില്‍ സന്ദര്‍ശനം റദ്ദാക്കേണ്ടിവരും.