കേന്ദ്രത്തില്‍ നിന്ന് കേരളത്തിനുള്ള നികുതി വിഹിതം വർദ്ധിപ്പിച്ചു; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്ന് കേരളത്തിനുള്ള നികുതി വിഹിതത്തില്‍ വന്‍ വര്‍ധന. സംസ്ഥാനത്തിന്റെ നികുതി വിഹിതം 1.925 ശതമാനത്തില്‍ നിന്ന് 2.382 ആയി വര്‍ധിപ്പിച്ചതായി ഫിനാന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച ബജറ്റിനൊപ്പം പാര്‍ലമെന്റില്‍ വെച്ച ഫിനാന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നികുതി, ഡ്യൂട്ടി, എന്നിവയിലൂടെ സമാഹരിക്കുന്ന പണത്തിന്റെ ഒരു പങ്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതാണ് ഈ നികുതി വിഹിതം. ആകെ തുകയുടെ 41 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നത്. അങ്ങനെ വീതം വെക്കുമ്പോള്‍ കേരളത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കിട്ടിയത് ആകെ തുകയുടെ 1.925 ശതമാനമായിരുന്നു. ഇതാണ് ഇനിയുള്ള അഞ്ചു വര്‍ഷങ്ങളില്‍ 2.382 ശതമാനം ആയി ഉയര്‍ത്തിയത്.

ധനകാര്യ കമ്മീഷന്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശ പ്രകാരമാണ് കേന്ദ്രം എടുക്കേണ്ട പങ്കും സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതം വയ്ക്കേണ്ട പങ്കും തീരുമാനിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് കുറവ് വിഹിതമാണ് ശുപാര്‍ശ ചെയ്തത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ ഗുരുതരമായി ബാധിച്ചിരുന്നു.

പുതിയ പതിനാറാം ധനകാര്യ കമ്മീഷന്‍ 2026-27 മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്കാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. 2.382 ശതമാനം വിഹിതം അനുസരിച്ച് കേരളത്തിന് ഈ വര്‍ഷം കിട്ടുക 36,355 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം കിട്ടിയത് 24,500 കോടി രൂപയാണ്. വര്‍ഷംതോറും പതിനായിരം കോടിയില്‍ കൂടുതല്‍ ഇനിയുള്ള അഞ്ചു വര്‍ഷങ്ങളില്‍ കേരളത്തിന് ലഭിക്കും.