നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കി ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ചാണ്ടി ഉമ്മന്‍ ആകെ 15,98,600 രൂപയുടെ സ്വത്ത് വഹകളുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കൈയിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേരുന്നതാണ് ഇത്. വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും ചാണ്ടി ഉമ്മന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
സ്വന്തമായി വീടോ സ്ഥലമോ ഇല്ല, 25000 രൂപ മാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ കൈയ്യിലുള്ളത് 15000 രൂപ മാത്രമാണ്. തനിക്ക് സ്വന്തമായി വീടോ കെട്ടിടങ്ങളോ ഇല്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനടക്കം മൂന്ന് ക്രിമിനല്‍ കേസുകളും ചാണ്ടി ഉമ്മനെതിരെയുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ സ്വത്ത് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 20,798,117 രൂപയാണ് ജെയ്കിന് സമ്പാദ്യമായിട്ടുള്ളത്. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കല്‍ പണവും സ്വര്‍ണവുമായി 5,55,582 രൂപയുമുണ്ട്. അതേസമയം, ബാധ്യതയായി ജെയ്ക്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫി സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കുന്നത് സിഒടി നസീറിന്റെ അമ്മയെന്ന് റിപ്പോര്‍ട്ട്. തുക നേരിട്ട് കൈ മാറിയില്ല. 10001 രൂപ ഗൂഗിള്‍ പേ വഴിയാണ് കൈമാറിയത്. ആരോഗ്യ പ്രശ്നം കാരണം നസീറിന്റെ അമ്മ നേരിട്ട് എത്തിയില്ല. തുക നേരില്‍ കൈമാറും എന്നാണ് നേരത്തെ അറിയിച്ചത്. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. തുക കൈമാറിയ ശേഷം നസീറിന്റെ അമ്മ ആമിന ബീവിയുമായി ചാണ്ടി ഉമ്മന്‍ വീഡിയോ കോളില്‍ സംസാരിച്ചു. സി ഓ ടി നസീറിനും അമ്മയ്ക്കും നന്ദി ചാണ്ടി ഉമ്മന്‍ നന്ദി അറിയിച്ചു.