മലപ്പുറത്ത് എൽഡിഎഫ് സീറ്റുകളിൽ മാറ്റം; മന്ത്രി അബ്​ദുറഹ്മാൻ താനൂരിൽ നിന്ന് മാറും; രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത

മലപ്പുറം: മലപ്പുറത്തു എൽഡിഎഫ് സീറ്റുകളിൽ മാറ്റം. മന്ത്രി അബ്ദുറഹിമാൻ താനൂരിൽ നിന്ന് മാറി തിരൂരിൽ മത്സരിക്കും. സിപിഐ സീറ്റ് വിട്ടുനിൽക്കുകയാണെങ്കിൽ അബ്ദുറഹിമാൻ രണ്ടത്താണി തിരൂരങ്ങാടിയിൽ മത്സരിക്കുമെന്നാണ് സൂചന. തിരൂരങ്ങാടിയിൽ ആണ് കൂടുതൽ സാധ്യത എന്ന് വിലയിരുത്തിയാണ് രണ്ടത്താണി ആ സീറ്റിൽ മത്സരിക്കാൻ താല്പര്യമറിയിച്ചത്.

നിർദ്ദേശങ്ങൾ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയിട്ടുണ്ട്. മന്ത്രി അബ്ദുറ​ഹ്മാന്റെ പ്രതിഷേധം പരിഹരിക്കാനുള്ള നീക്കം കൂടിയാണ് സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരിക്കുന്നത്. 

അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിൽ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. എന്നാൽ തിരൂരങ്ങാടിയിൽ മത്സരിക്കാനുള്ള താത്പര്യമാണ് രണ്ടത്താണി അറിയിച്ചത്. എന്നാൽ തിരൂരങ്ങാടി സിപിഐയുടെ സീറ്റാണ്. സിപിഐ അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് സിപിഐയുമായി സിപിഎം ചർച്ച നടത്തും.

ആ സീറ്റ് സിപിഐ വിട്ടുകൊടുത്താൽ അബ്ദുറ​ഹ്മാൻ രണ്ടത്താണിക്ക് അവിടെ മത്സരിക്കാം. അഥവാ സിപിഐ വഴങ്ങിയില്ലെങ്കിൽ വള്ളിക്കുന്ന് സീറ്റിലായിരിക്കും രണ്ടത്താണി മത്സരിക്കുക. താനൂരിൽ മുസ്തഫ വടശ്ശേരിയായിരിക്കും സ്ഥാനാർത്ഥി.