ഇന്ത്യയുടെ പേര് മാറ്റുന്നത് പുതിയ പാര്‍ലമെന്റില്‍ 19ന് പുതിയ മന്ദിരത്തിലേയ്ക്ക് മാറിയേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളന കാലയളവില്‍ പുതിയ മന്ദിരത്തിലേയ്ക്ക് മാറുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 18നാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രത്യേക സമ്മേളനം തുടങ്ങുന്നത്. ഗണേശ ചതുര്‍ത്ഥിയായ 19ന് മന്ദിരത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 21 വരെയാണ് പ്രത്യേക സമ്മേളനം.

രാജ്യത്തിന്റെ പേര് ഔദ്യോഗികമായി ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കുന്നതിനുള്ള ഭേദഗതി പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സാദ്ധ്യത. ഇതിനിടെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒമ്പത് വിഷയങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടുകയും വരാനിരിക്കുന്ന സമ്മേളനത്തില്‍ അവ ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, അദാനിക്കെതിരായ ആരോപണങ്ങള്‍, മണിപ്പൂര്‍ സംഘര്‍ഷം, ചൈന അതിര്‍ത്തി, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളാണ് സോണിയ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *