സി പി എം – എസ് ഡി പി ഐ ഡീൽ നടപ്പാക്കിയത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് ചെന്നിത്തല

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ സി പി എം- എസ് ഡി പി ഐ ഡീൽ ആരോപണം തള്ളി മുഖ്യമന്ത്രി. ആരോപണം വെറും നുണയാണെന്നും രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് യു ഡി എഫ് ഇങ്ങനെ പറയുന്നതെന്നും തിരൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എൽ ഡി എഫിന് തുടർഭരണം ലഭിച്ചത് ഗിമ്മിക്കുകൊണ്ടല്ലെന്നും തന്റെ പെരുമാറ്റം ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വികസന നേട്ടങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു.
തുടർഭരണത്തിനുശേഷം കേരളത്തിലെ എല്ലാരംഗത്തും പുരോഗതി കൈവരിച്ചിട്ടുണ്ട്. ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ പ്രയോഗവും ജനകീയ പ്രതിബദ്ധതയും ഒത്തുചേർന്നതുകൊണ്ടാണ് വലിയനേട്ടങ്ങൾ കൈവരിക്കാനായത്. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി.
പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരണം, ആരോഗ്യമേഖലയിലുണ്ടായ വികസനം, സാമൂഹ്യ സുരക്ഷാപദ്ധതികളുടെ വ്യാപനം എന്നിവയാണ് സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ. യുവാക്കളുടെ സ്വപ്നങ്ങൾക്കും നാടിന്റെ വളർച്ചയ്ക്കും അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെടുത്താൻ കഴിഞ്ഞു. പ്രവാസികൾക്ക് സർക്കാർ ശക്തമായ പിന്തുണയാണ് നൽകുന്നത്. പ്രവാസി വിരുദ്ധ നിലപാടുകളാണ് യു ഡി എഫ് സ്വീകരിക്കുന്നത്.
രാജ്യത്ത് ആദ്യമായി പ്രവാസികളെ ക്ഷേമപെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഇടത് സർക്കാരാണ്’- മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ധാരണ പരസ്യമായ കാര്യമാണെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതാണെന്നും കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. എസ് ഡി പി ഐ സ്ഥാനാർത്ഥിയാണ് പലയിടങ്ങളിലും സി പി എമ്മിന്റെ സ്ഥാനാർത്ഥികളെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ എൽ ഡി എഫ് സർക്കാരിന്റെ നയങ്ങൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.