കിഫ്ബി പിരിച്ചു വിടണം: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: പ്രഖ്യാപിത വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള ധനസമാഹരണ ശേഷിയില്ലാത്തതിനാല്‍ പ്രസക്തി നഷ്ടപ്പെട്ട കിഫ്ബി പിരിച്ചു വിടണമെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം അദ്ധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്.
കിഫ്ബിയുടെ കടവും സംസ്ഥാന പൊതുകടത്തിന്റെ പരിധിയില്‍ പെടുത്തിയതോടെ പുറമെ നിന്നും കിഫ്ബിക്ക് വന്‍തുക കടമെടുക്കാനാവില്ല. ഇപ്പോഴത്തെ കിഫ്ബി ഫണ്ടിന്റെ സിംഹഭാഗവും സംസ്ഥാന ഖജനാവിലേക്ക് വരേണ്ട വാഹന, ഇന്ധന നികുതികളാണ്. കിഫ്ബി പദ്ധതികള്‍ പ്രത്യുല്പാദനപരമല്ലാത്തതിനാല്‍, വരുമാനത്തില്‍ നിന്നും കടം തിരിച്ചടയ്ക്കാനാവില്ല. കിഫ്ബിയുടെ എല്ലാ സാമ്പത്തിക ബാദ്ധ്യതയും നിറവേറ്റേണ്ടത് വരുംകാല സംസ്ഥാന സര്‍ക്കാരുകളാണ്. കിഫ്ബി പ്രഖ്യാപിച്ചിട്ടുള്ള 60000 കോടി രൂപയുടെ പദ്ധതികളില്‍ പകുതി പോലും നടപ്പാക്കിയിട്ടില്ല. കെട്ടിടം,റോഡ്,പാലം എന്നിവയുടെ പണി പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക് ഭീമമായ കുടിശ്ശിക തുക നല്‍കാനുണ്ട്. കരാറുകാര്‍ സമരപാതയിലാണ് ,

കിഫ്ബിയുടെ ധനവിനിയോഗ വിശ്വാസ്യത വിവാദത്തിലാണ്. വ്യവസ്ഥാപിത സംവിധാനത്തിനു പകരം സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മുഖേനയാണ് കിഫ്ബി കരാറുകളില്‍ മിക്കവയും. പണമിടപാടുകള്‍ പൂര്‍ണ്ണമായും ഓഡിറ്റിംഗിന് വിധേയമായിട്ടില്ല. സി.എ.ജി റിപ്പോര്‍ട്ടും ഇ.ഡി അന്വേഷണവും ദുരൂഹതകള്‍ സൃഷ്ടിച്ചിട്ടുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *