നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മുഖ്യമന്ത്രി

മന്ത്രിസഭ തയ്യാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ മൂന്ന് ഭാഗങ്ങളിലെ കേന്ദ്ര വിമര്‍ശനം പൂര്‍ണമായും വായിക്കാതെ ഗവര്‍ണര്‍. ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി നയപ്രഖ്യാപനം പൂര്‍ണമായി അംഗീകരിക്കണമെന്ന് സഭയില്‍ ആവശ്യപ്പെട്ടു. സ്പീക്കറും ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചു.

സാധാരണപോലെ കടന്നുപോയെന്ന് തോന്നിച്ച നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങിയ ഗവര്‍ണറെ യാത്രയാക്കിയ ശേഷം മടങ്ങിവന്ന മുഖ്യമന്ത്രിയാണ് പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയെന്നും ചില ഭാഗത്ത് കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്നും സഭയെ അറിയിച്ചത്. പ്രസംഗത്തിലെ 12,15,16 ഖണ്ഡികകളിലാണ് ഒഴിവാക്കലും കൂട്ടിചേര്‍ക്കലും നടന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മന്ത്രിസഭ അംഗീകരിച്ച പ്രസംഗം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മന്ത്രിസഭ തയ്യാറാക്കി നല്‍കിയ പ്രസംഗത്തിലെ ഒഴിവാക്കലും കൂട്ടിച്ചേര്‍ക്കലും രേഖകളില്‍ ഉണ്ടാകില്ലെന്ന് സ്പീക്കറും വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പിലെത്തുന്ന ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള ഏറ്റുമുട്ടല്‍ പരിഹാസ്യമാണെന്നായിരുന്നു പ്രതിപക്ഷ നിലപാട്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നടപടികളോട് ലോക്ഭവന്‍ പ്രതികരിച്ചിട്ടില്ല.