ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാല, മന്ത്രിമാരിലെ പ്രീതി, ബില്‍ ഒപ്പിടാതെ വൈകിപ്പിക്കല്‍, ഭരണഘടനാ ഉത്തരവാദിത്വം അടക്കമുള്ള വിഷയങ്ങള്‍ അക്കമിട്ട് നിരത്തി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മുന്നേറ്റം പലരെയും അസ്വസ്ഥമാക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ ശ്രമമെന്നും പിണറായി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് കേരളം വലിയ നേട്ടമുണ്ടാക്കി. കേരളത്തിന്റെ നേട്ടത്തില്‍ വലിയ അസ്വസ്ഥത ആര്‍ എസ് എസിനാണ്. കേരളത്തിലെ സര്‍വകലാശാലകളിലെ വി സിമാരെ പുറത്താക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തുന്നവര്‍ പല കേന്ദ്ര സര്‍വകലാശാലകളിലെയും അനധികൃത വി സി നിയമനത്തില്‍ മൗനം അവലംബിക്കുന്നു.
ഇല്ലാത്ത അധികാരങ്ങള്‍ക്ക് വേണ്ടി ഒരാള്‍ വ്യഗ്രതപ്പെടുകയാണ്. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റുന്നുമില്ല. പോലീസ് മേധാവിക്ക് പോലും നിര്‍ദേശം നല്‍കുന്നു. ബില്ലില്‍ ഒപ്പിടില്ല എന്ന് പറയുന്നത് നിയമസഭയോടുള്ള വെല്ലുവിളിയാണ്. ഒരാള്‍ സമാന്തര സര്‍ക്കാറാകാന്‍ ശ്രമിക്കുകയാണ്. സര്‍വ അധികാരങ്ങളും തന്നിലാണെന്ന് ചിലര്‍ കരുതുന്നു. ആരെങ്കിലും അങ്ങനെ കരുതിയാല്‍ അവിടെ ഇരിക്കുകയേയുള്ളൂ. ഗവര്‍ണറുടെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.