മുഖ്യമന്ത്രിക്ക് സൗദി യാത്രാനുമതി ഇല്ല : ലോക കേരളസഭ സമ്മേളനം നടക്കില്ല

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് ഇനിയും കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ 19ന് ആരംഭിക്കേണ്ട ലോകകേരളസഭ മേഖലാ സമ്മേളനം നടക്കില്ലെന്നുറപ്പായി. അഞ്ചു മാസത്തിനിടെ ഇതു മൂന്നാം തവണയാണു മുഖ്യമന്ത്രിയുടെ വിദേശയാത്ര മുടങ്ങുന്നത്. ഇതില്‍ രണ്ടു യാത്രകള്‍ മുടങ്ങിയതു കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ്, ഒന്നു മുഖ്യമന്ത്രി വേണ്ടെന്നു വച്ചു.
മേയില്‍ അബുദാബി ഭരണകൂടം അവിടെ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിലേക്കു മുഖ്യമന്ത്രിക്കു ക്ഷണം ലഭിച്ചിരുന്നു. പണം നല്‍കി കേരളം സമ്മേളനത്തിന്റെ പാര്‍ട്‌നറാകാനും തീരുമാനിച്ചു. ഇന്ത്യയിലെ പല മുഖ്യമന്ത്രിമാര്‍ക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അബുദാബിയിലേക്കു നിക്ഷേപം എത്തിക്കുന്നതിനുള്ള സംഗമത്തില്‍ ഇന്ത്യയിലെ ഭരണാധികാരികളാരും പങ്കെടുക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്രം യാത്രാനുമതി നിഷേധിച്ചു.
ഓഗസ്റ്റില്‍ വിയറ്റ്‌നാം സന്ദര്‍ശിക്കാന്‍ ക്ഷണം ലഭിച്ചിക്കുകയും മുഖ്യമന്ത്രി യാത്രയ്ക്കുള്ള തയാറെടുപ്പ് തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്തു നിയമസഭാ സമ്മേളനം വച്ചതിനാല്‍ വിദേശയാത്ര വേണ്ടെന്നു മുഖ്യമന്ത്രി തീരുമാനിച്ചു. കേന്ദ്രാനുമതിക്ക് അപേക്ഷിച്ചിരുന്നില്ല. ജൂണില്‍ ലോകകേരളസഭ മേഖലാ സമ്മേളനത്തിനായി യുഎസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി, ക്യൂബയും ദുബായിയും സന്ദര്‍ശിച്ചശേഷമാണു മടങ്ങിയെത്തിയത്. 12 ദിവസമെടുത്ത ഈ യാത്രയാണ് മുഖ്യമന്ത്രിയുടെ ഒടുവിലത്തെ വിദേശയാത്ര.