നാലാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി; കേരളത്തിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രസംഗം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോഡ് കാലിക്കടവില്‍ നിര്‍വഹിച്ചു. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. വാര്‍ഷികാഘോഷം ധൂര്‍ത്ത് എന്ന പ്രതിപക്ഷ ആരോപണം മന്ത്രിമാര്‍ തള്ളിയിരുന്നു.

എല്‍ഡിഎഫ് ഏറ്റെടുത്തത് തകര്‍ന്നു കിടന്ന ഒരു നാടിനെയാണെന്ന മുഖ്യമന്ത്രി ചടങ്ങില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു. 2016 ല്‍ എല്ലാവരും ശപിച്ച ഒരു സര്‍ക്കാരിനെയാണ് അവസാനിപ്പിച്ചത്. പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സഹായിക്കേണ്ട കേന്ദ്രം ഒരു സഹായവും ചെയ്തില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിഷേധാത്മക നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. മറ്റുള്ളവര്‍ തന്നത് പോലും കേന്ദ്രം നിഷേധിച്ചു. കൂടുതല്‍ തകരട്ടെ എന്ന നശീകരണ വികാരമായിരുന്നു കേന്ദ്ര സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളീയര്‍ ശപിച്ചുകൊണ്ടിരുന്ന കാലത്തിന് അറുതി വരുത്തിയാണ് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഒമ്പത് വര്‍ഷമായി തുടരുന്ന സര്‍ക്കാരിന്റെ ഭാഗം കൂടിയാണ് രണ്ടാം സര്‍ക്കാരിന്റെ നാലാം വാര്‍ഷികമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നാടിനെ കാലോചിതമായി മാറ്റിതീര്‍ക്കണമെന്നും വികസനം നാടിന് വേണമെന്ന ദൗത്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ ഏല്‍പ്പിച്ചത്. ആ ദൗത്യം നിറവേറ്റാന്‍ തുടങ്ങിയപ്പോള്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. പ്രകൃതി ദുരന്തങ്ങള്‍, മാരകമായ പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ പ്രതിസന്ധികള്‍ യഥാര്‍ഥത്തില്‍ നാടിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നതായിരുന്നു. എന്നാല്‍ നമ്മുക്ക് തകരാന്‍ കഴിയില്ലായിരുന്നു അതിജീവിച്ചേ മതിയാകൂമായിരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന് മുന്നില്‍ നമ്പര്‍ വണ്‍ ആയി കേന്ദ്രത്തിന് തന്നെ അവാര്‍ഡുകള്‍ നല്‍കേണ്ടിവന്നു. നടക്കില്ല എന്ന് കരുതിയ പദ്ധതികള്‍ നാട്ടില്‍ യാഥാര്‍ഥ്യമായി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസം?ഗം. സംസ്ഥാനത്തെ പ്രതിപക്ഷം കേരളത്തിന്റെ താല്പര്യത്തിനൊപ്പമല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം അവഗണിക്കുമ്പോള്‍ പ്രതിപക്ഷം അവര്‍ക്കൊപ്പം നിന്നു. മാധ്യമങ്ങളും കേരളത്തിന്റെ താല്പര്യത്തിനൊപ്പം നിന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *