തിരുവനന്തപുരം: കേരളീയം പരിപാടിയിലെ ആദിമം പ്രദര്‍ശനത്തിലെ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കുന്ന വേദിയായിരുന്നു ആദിമം. പന്തക്കാളി, കളവും പുള്ളുവന്‍പാട്ടും, പടയണി,തെയ്യം, മുടിയേറ്റ്, പൂതനും തിറയും എന്നീ കലാരൂപങ്ങള്‍ക്കൊപ്പമാണ് ഇടുക്കി കുമളിയിലെ പളിയര്‍ വിഭാഗത്തില്‍ നിന്ന് പളിയ നൃത്തം അവതരിപ്പിച്ചത്. തങ്ങളുടെ പൂര്‍വികര്‍ അവതരിപ്പിച്ചതുപോലെ ആ മാതൃകയില്‍ അനുഷ്ഠാന കല അവതരിപ്പിച്ചതില്‍ തെറ്റെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഊരുമൂപ്പന്മാരുടെ നിര്‍ദ്ദേശമനുസരിച്ച് തയ്യാറാക്കിയ കുടിലില്‍ കലാപ്രകടനത്തിന് ശേഷം അവര്‍ ഇരുന്ന ചിത്രത്തെ കലാകാരന്മാരെ പ്രദര്‍ശന വസ്തുവാക്കി എന്ന പേരില്‍ പ്രചരിപ്പിച്ചത് ശരിയായ ഉദ്ദേശത്തോടെയല്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഫോക്ലോര്‍ അക്കാദമി വഴി കേരളത്തിനകത്തും പുറത്തും നിരവധി പരിപാടികളില്‍ സഹകരിച്ച കലാകാരന്മാരാണ് കേരളീയത്തില്‍ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു.ആദിമ മനുഷ്യരുടെ ജീവിതരീതിയും ആചാരാനുഷ്ഠാനങ്ങളും ലോകത്തില്‍ എല്ലായിടത്തും പരിചയപ്പെടുത്തുന്നത് കാണാറുണ്ടെന്നും റിപബ്ളിക് ദിന പരേഡിലടക്കം ഇത് പതിവുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗദ്ദിക എന്ന പരിപാടി ആദിവാസികളുടേത് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നതായും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.തദ്ദേശ വാസികളെ ഷോക്കേസില്‍ പ്രദര്‍ശിപ്പിക്കേണ്ട വസ്തുക്കളായി കാണരുതെന്നും അങ്ങനെ കാണുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും എന്താണ് നടന്നതെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.