തിരുവനന്തപുരം: കേരളീയം പരിപാടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചെന്നും നെഗറ്റീവ് വശങ്ങളല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയം 2023 സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാ വര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളീയത്തിനെതിരായി പ്രതികരണങ്ങളുണ്ടായെങ്കില്‍ അത് പരിപാടിയുടെ പ്രശ്നമല്ല. മറിച്ച്, നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ്. എന്നാല്‍ നമ്മുടെ നാട് നാം ഉദ്ദേശിച്ച തരത്തില്‍ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ നമുക്കായി. നമ്മുടെ നാടിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നമുക്കായി. ഇനിയങ്ങോട്ട് എല്ലാ വര്‍ഷവും കേരളീയം ആചരിക്കും. പരിപാടിയുടെ പിന്നിലെ ദുരൂഹത ഗവേഷണം ചെയ്യാന്‍ പോയവരുണ്ട്. അവര്‍ക്ക് ഇപ്പോള്‍ കാര്യം മനസ്സിലായിട്ടുണ്ടാവും” വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്.പലസ്തീന് വിഷയത്തില്‍ നിഷ്പക്ഷ നിലപാട് എടുക്കാനാവില്ല. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.ഈ ഘട്ടത്തില്‍ നമ്മുടെ മനസ്സില്‍ വല്ലാത്തൊരു വേദന തങ്ങിനില്ക്കുന്നുണ്ട്. അത് പല്സ്തീന് സഹോദരങ്ങള്‍ നേരിടുന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു ജനവിഭാഗത്തെ ആകെ വംശനാശത്തിന്റെ രീതിയില്‍ തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. നമുക്കെല്ലാവര്‍ക്കുമറിയാം അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഈ പ്രവര്‍ത്തനം നടത്തുകയാണെന്ന്. ഈ വിഷയത്തില്‍ നമുക്കാര്‍ക്കും നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാവില്ല. പലസ്തീനില്‍ പൊരുതുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം നമുക്ക് ഒറ്റക്കെട്ടായി പ്രഖ്യാപിക്കാം മുഖ്യമന്ത്രി പറഞ്ഞു.
കേരളീയത്തിലെ സെമിനാറുകള്‍ മുന്നോട്ട് വച്ചത് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സൂചനകളാണ്. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറും. കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് നാം തെളിയിച്ചതാണ്. ഈ ഒരുമയും ഐക്യവും എല്ലാ കാലവും ഉണ്ടാകണം. കേരളീയത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂര്‍ണ വിജയമായി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവര്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. മഴയൊന്നും കണക്കാക്കാതെയും ജനങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു. കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ 1 മുതല്‍ ഏഴ് ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിച്ചത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്ക്കുമ്പോള് കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നത് ധൂര്‍ത്താണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പരിപാടി ബഹിഷ്ക്കരിച്ചിരുന്നു.