കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിന് മാത്രമായി ഇപ്പോള്‍ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ നടപ്പാവുന്ന പദ്ധതിയല്ല അത്. കേന്ദ്രം ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാട്യം ഗോപാലന് പഠനഗവേഷണ കേന്ദ്രവും കണ്ണൂര്‍ ജില്ല ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്തായാലും ഒരുകാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരും. പക്ഷേ, കേന്ദ്രാനുമതി ലഭിക്കുംവരെ പദ്ധതിയുമായി തത്കാലം മുന്നോട്ടു പോകാനില്ല. അത് നേരത്തെ സ്വീകരിച്ച നിലപാടാണ്. ഒരു വിഭാഗം കെ റെയിലിനെ എതിര്‍ക്കുന്ന സമയത്തു തന്നെ വന്ദേഭാരതിന് ഈ നാട്ടില്‍ നല്കിയ സ്വീകരണം നമ്മള് കണ്ടതാണ്. മികച്ച യാത്രാസൗകര്യത്തിന് ആഗ്രഹിക്കുന്ന ജനമനസിന്റെ പ്രതിഫലനമാണത്. വന്ദേഭാരത് കൊണ്ടുമാത്രം യാത്രാപ്രശ്നത്തിന് പരിഹാരമായോകണ്ണൂര് വിമാനത്താവളത്തില്‍ വികസനം വരാത്തത് കേന്ദ്രസര്‍ക്കാരിന്റെ നയം കാരണമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ആവശ്യത്തിന് സര്‍വീസ് അനുവദിക്കാതിരിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഒരു പ്രത്യേക മാനസിക സുഖം കിട്ടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.ജനങ്ങള്‍ക്ക് എല്‍.ഡി.എഫില്‍ വിശ്വാസമുണ്ട്. ഈ ജനമനസ്സിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. ചില മാദ്ധ്യമങ്ങള്‍ എല്ലാ നേരും നെറിയും ഉപേക്ഷിക്കുന്നു, നിഷ്പക്ഷത നടിക്കുന്ന മാദ്ധ്യമങ്ങള്‍ അതിന് നിരന്തരം കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഒരു നാണവുമില്ലാതെ ആ പണി ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.