ബിജെപി കോണ്‍ഗ്രസ് ഒത്തുകളിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അരോപണം

പുതുപ്പള്ളി: ബിജെപി കോണ്‍ഗ്രസ് ഒത്തുകളിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അരോപണം തമാശയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പിണറായി വിജയന് ബിജെപിയോട് പോരാടിയിരുന്നെങ്കില്‍ ഇന്ന് മുഖ്യമന്ത്രിയാകില്ലായിരുന്നെന്നും ഒത്തുകളി ആരോപണം ആരും വിശ്വസിക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനസംഘടനയില്‍ രമേശ് ചെന്നിത്തല സന്തോഷവാനാണെന്നും ജനാധിപത്യ പാര്‍ട്ടി ആകുമ്പോള്‍ അല്ലറ ചില്ലറ സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടാകാമെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. കെ മുരളീധരന് കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹം പുതുപ്പള്ളിയില്‍ നന്നായി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ താരപ്രചാരക പട്ടികയില്‍ നിന്ന് മുരളീധരനെ ഒഴിവാക്കിയത് പിശകാവാമെന്നും ഉപതെരെഞ്ഞെടുപ്പില്‍ താരപ്രചാരകര്‍ പ്രാധാന്യമുള്ളതല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ വര്‍ഗീയതക്കെതിരെ പോരാടുന്നവരാണ് ഇടത് പക്ഷമെന്നും എന്നാല്‍ കേന്ദ്രത്തിനെതിരെ സംസാരിക്കാന്‍ യുഡിഎഫിന് കഴിയാത്തത് എന്താണെന്നും യുഡിഎഫും ബിജെപിയും തമ്മില്‍ ഒത്തുകളിക്കുന്നെന്നും മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞിരുന്നു.
കിടങ്ങൂര്‍ പഞ്ചായത്തിലെ കാര്യം എടുത്ത് പറഞ്ഞ പിണറായി വിജയന് പ്രാദേശിക തെരെഞ്ഞെടുപ്പില്‍ മറ്റ് ഇടങ്ങളിലും ഈ ഒത്തുകളി കണ്ടിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായിയാണ് കെ സി വേണുഗോപാലിന്റെ പ്രസ്താവന.