ഇന്ത്യക്ക് ഇറക്കുമതി തീരുവ 50% ആക്കി ഉയർത്തിയ അമേരിക്കൻ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ചൈന

ഇന്ത്യക്ക് ഇറക്കുമതി തീരുവ 50% ആക്കി ഉയർത്തിയതിനെ രൂക്ഷമായി വിമർശിച്ച് ചൈന. അമേരിക്കയെ ഭീഷണിക്കാരൻ എന്ന് ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ് വിശേഷിപ്പിച്ചു. ഭീഷണിപ്പെടുത്തുന്ന ആൾക്ക് ഒരു ഇഞ്ച് കൊടുക്കൂ, അവൻ ഒരു മൈൽ ദൂരം മുന്നോട്ട് പോകുമെന്ന് ട്രംപിന്റെ പേര് പരാമർശിക്കാതെ അമേരിക്കയെ നിശിതമായി വിമർശിച്ചുകൊണ്ട് സൂ പറഞ്ഞു. ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. ഇന്ത്യയെപ്പോലെ തന്നെ ബ്രസീലിനും യുഎസ് 50% തീരുവ ചുമത്തി.

ട്രംപിന്റെ താരിഫ് തന്ത്രം ആഗോള വ്യാപാര മാനദണ്ഡങ്ങൾക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ബ്രസീലിയൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സെൽസോ അമോറിമുമായി നടത്തിയ ഒരു ഫോൺ സംഭാഷണത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

ഫോൺ സംഭാഷണത്തിനിടെ, വാങ് യി അമേരിക്കയുടെ പേര് നേരിട്ട് പരാമർശിച്ചില്ല, മറിച്ച് താരിഫ് മറ്റ് രാജ്യങ്ങളെ അടിച്ചമർത്താനുള്ള ആയുധമായി ഉപയോഗിക്കുന്നതിനെ വിമർശിച്ചു. അത്തരം രീതികൾ യുഎൻ ചാർട്ടറിന്റെയും ഡബ്ല്യുടിഒയുടെയും നിയമങ്ങളുടെ ലംഘനമാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.