പാകിസ്താന് പിന്തുണയുമായി ചൈന; മറുപടി നല്‍കാന്‍ ഇന്ത്യ

പഹല്‍ഗാം ഭീകരാക്രണത്തിന് പിന്നാലെ ലോകരാജ്യങ്ങള്‍ മുഴുവന്‍ ഒറ്റപ്പെടുത്തുമ്പോള്‍ പാകിസ്താന് പിന്തുണയുമായി ചൈന. വിഷയത്തില്‍ ന്യൂഡല്‍ഹിയും ഇസ്ലാമാബാദും സംയമനം പാലിക്കണമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആഹ്വാനം ചെയ്തത്. പരമാധികാരവും സുരക്ഷാ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ ചൈന തങ്ങളുടെ അടുത്ത സഖ്യകക്ഷിയായ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
ഭീകരാക്രമണത്തിനു ശേഷമുള്ള സംഭവവികാസങ്ങള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് ആവശ്യമായ പിന്തുണ നല്‍കുന്നുണ്ടെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ഫോണ്‍ കോള്‍ സംഭാഷണത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൈനീസ് വിദശകാര്യമന്ത്രി വാങ് പറഞ്ഞു.
ചൈനീസ് ദേശീയ മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുപക്ഷവും സംയമനം പാലിക്കുമെന്നും, പരസ്പരം ഒരുമിച്ച് നീങ്ങുമെന്നും, പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ചൈന പ്രതീക്ഷിക്കുന്നുവെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന സെന്‍ട്രല്‍ കമ്മിറ്റിയുടെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം കൂടിയായ വാങ് ഫോണ്‍ കോളിനിടെ പറഞ്ഞു.
ഇതിനു പുറമെ ചൈന പാകിസ്താന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കി എന്ന വാര്‍ത്തയും പുറത്തുവരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ആയുധങ്ങളും ദീര്‍ഘദൂര മിസൈലുകളുമാണ് നല്‍കിയത്. എന്നാല്‍ പാകിസ്താന് പിന്തുണ അറിയിച്ചുകൊണ്ടുള്ള ചൈനീസ് നിലപാടില്‍ കടുത്ത അതൃപ്തിയാണ് ഇന്ത്യക്കുള്ളത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കിയേക്കും.
ഏപ്രില്‍ 22ന് പഹല്‍ഗാമിന് സമീപം വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ സഹ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
ആക്രമണത്തിലെ പാക് പങ്ക് ചൂണ്ടിക്കാട്ടിയ ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതും അട്ടാരിയിലെ ഏക പ്രവര്‍ത്തനക്ഷമമായ കര അതിര്‍ത്തി ക്രോസിംഗ് അടച്ചുപൂട്ടുന്നതും ഉള്‍പ്പെടെ നിരവധി ശിക്ഷാ നടപടികള്‍ പാകിസ്ഥാനെതിരെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നദീജലം തടയുന്നത് ഒരു യുദ്ധപ്രവൃത്തിയായി കാണുമെന്നാണ് പാകിസ്ഥാന്‍ പറഞ്ഞത്.